ചെന്നൈ : സുനാമി വിതച്ച തീരാനഷ്ടങ്ങളിൽ നിന്ന് വളരെ സമയം എടുത്താണ് നമ്മൾ കരകയറിയത്. പ്രിയപെട്ടവരുടെ ജീവനും ജീവിതവും ആ ദുരന്തം നമ്മളിൽ നിന്ന് കവർന്നു. 2004 ഡിസംബര്‍ 26 നഷ്ടങ്ങളുടെ നീണ്ട പട്ടികയാണ് നമുക്ക് നൽകിയത്. ആ രാക്ഷസ തിരമാലകളിൽ കുട്ടികളുൾപ്പെടെ അനാഥരായവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതായിരുന്നു. അന്ന് ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടായ സംസ്ഥാനങ്ങളിൽ ഒന്നാണ് തമിഴ്‌നാട്. ഏകദേശം എട്ടായിരത്തിൽ പരം ആളുകൾ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. അന്ന് തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ജില്ലയായിരുന്നു നാഗപട്ടണം. അന്നത്തെ ദുരിതത്തിൽ അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അഭയകേന്ദ്രം തുറന്നിരുന്നു. തമിഴ്‌നാട് ആരോഗ്യസെക്രട്ടറിയും മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ ഡോ. ജെ. രാധാകൃഷ്ണനാണ് ഇതിനായി നേതൃത്വം നൽകിയത്. അവരുടെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി അദ്ദേഹം എല്ലാ വഴികളും സ്വീകരിച്ചു.
അദ്ദേഹം അന്ന് സംരക്ഷിച്ച് അഭയകേന്ദ്രത്തിൽ എത്തിച്ച കുട്ടികളിൽ ഒരു അഞ്ചുവയസുകാരിയും ഉണ്ടായിരുന്നു. പേര് സൗമ്യ. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കഴിഞ്ഞ ദിവസം അവൾ വിവാഹിതയായി. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷത്തിൽ അവൾക്കൊപ്പം നിൽക്കാൻ അന്ന് സംരക്ഷണം നൽകിയ ഐഎഎസ് ഓഫീസർ രാധാകൃഷ്ണനും ഉണ്ടായിരുന്നു. സൗമ്യയുടെ വിവാഹത്തിന് അദ്ദേഹം പങ്കെടുക്കാൻ എത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സമയ ഞങ്ങളുടെ മാത്രമല്ല ഈ നാഗപട്ടത്തിന്റെ കൂടെ മകളാണ്. അവളുടെ വിവാഹത്തിൽ ഇന്ന് ഞാൻ ഏറെ സന്തോഷവാനാണ് എന്നും രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. സുനാമിയിൽ തകർന്നടിഞ്ഞ കെട്ടിടത്തിനടിയിൽ നിന്നാണ് സൗമ്യയെ രക്ഷിച്ചെടുത്തത്.