പാലക്കാട്: നിയമങ്ങൾ കാറ്റിൽ പറത്തി ആറു വയസ്സുകാരൻ ഇരുചക്രവാഹനത്തിൽ മത്സരയോട്ടം നടത്തി. പാലക്കാട് കൊടുമ്പിൽ ഈ മാസം 17,18 തീയതികളിൽ നടക്കുന്ന മഡ് റെയിസിന് മുന്നോടിയായിട്ടാണ് 6 വയസ്സുകാരൻ മത്സരം പരിശീലനം നടത്തിയത്. പാലക്കാട് ടൗൺ സൗത്ത് പൊലീസ് കുട്ടിയുടെ രക്ഷിതാവിന് എതിരെ കേസെടുത്തു. തൃശൂർ കാട്ടൂർ സ്വദേശി ഷാനവാസ് അബ്ദുള്ളക്കെതിരെയാണ് കേസ്.
ടോയ് ബൈക്കിലാണ് കുട്ടി പരിശീലനം നടത്തിയതെന്നാണ് പിതാവും ബന്ധുക്കളും പറയുന്നത്. എന്നാൽ വിലകൂടിയ, അമിതവേഗതയിൽ പോകുന്ന ബൈക്കുകളിൽ മുതിർന്നവർ പരിശീലനം നടത്തുമ്പോൾ ഇതിനിടയ്ക്ക് കുഞ്ഞിനെ അപകടകരമായ രീതിയിൽ പരിശീലിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പരിശീലനത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് പിതാവിനെതിരെ കേസെടുത്തത്.