കൊച്ചി: ലൈംഗിക പീഡന ആരോപണങ്ങളെത്തുടർന്നു കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ പൊലീസ് കേസെടുത്തു. വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിന്റെ ഉടമ അനീസ് അൻസാരിക്ക് എതിരെയാണു പാലാരിവട്ടം പൊലീസ് കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നു 3 യുവതികൾ ഇ–മെയിൽ മുഖേന ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകുകയായിരുന്നു.
ഒരാഴ്ച മുൻപു സെലിബ്രിറ്റി ടാറ്റൂ ആർട്ടിസ്റ്റ് പി.എസ്.സുജീഷിനെതിരായ മീടൂ പരാതികൾ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അനീസിനെതിരെയും സമാനമായ ആരോപണങ്ങൾ ഉയർന്നത്. വിവാഹ മേക്കപ്പിനായി പ്രതിയുടെ സലൂണിൽ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി കുറിപ്പിട്ടു. ഇതിനു പിന്നാലെ കൂടുതൽ പേർ രംഗത്തെത്തി. ആദ്യം പരാതി നൽകിയ യുവതി മറ്റു യുവതികളുടെ ദുരനുഭവങ്ങൾ സമാഹരിച്ചു സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ ഇവ വീണ്ടും പോസ്റ്റ് ചെയ്തു. ഇതു സംബന്ധിച്ചു വിവരം ലഭിച്ച പൊലീസും പ്രാഥമികാന്വേഷണം ആരംഭിച്ചെങ്കിലും ആരും പരാതി നൽകാൻ മുന്നോട്ടു വരാത്തതിനാൽ കേസെടുത്തിരുന്നില്ല.
ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണു യുവതികളുടെ പരാതി. 2019ൽ വിവാഹ മേക്കപ്പിനു ബുക്ക് ചെയ്ത താൻ ട്രയൽ മേക്കപ്പിനായി വിവാഹത്തിന് ഒരാഴ്ച മുൻപു സ്റ്റുഡിയോയിൽ എത്തിയപ്പോൾ അനീസ് വസ്ത്രം അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആദ്യം അനുഭവം പങ്കുവച്ച യുവതിയുടെ പരാതി. ഇതോടെ മേക്കപ് ചെയ്യുന്നതു നിർത്താൻ ആവശ്യപ്പെട്ടെന്നും ബുക്കിങ് റദ്ദാക്കിയെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
വിവാഹദിനത്തിൽ നേരിട്ട ദുരനുഭവം കടുത്ത മാനസികപ്രശ്നങ്ങൾക്കു കാരണമായെന്ന് ഒട്ടേറെ യുവതികൾ തുടർന്നു വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനീസ് അൻസാരി രാജ്യം വിട്ടെന്നു പൊലീസ് പറയുന്നു. പ്രതി ദുബായിലുണ്ടെന്നാണു നിഗമനം. രാജ്യത്തെ എയർപോർട്ടുകളിൽ ലുക്കൗട്ട് സർക്കുലർ കൊടുക്കാനൊരുങ്ങുകയാണു പൊലീസ്. അതേസമയം, ടാറ്റൂ പീഡനക്കേസ് പ്രതി പി.എസ്.സുജീഷിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. തെളിവെടുപ്പു പൂർത്തിയായതായി പൊലീസ് പറഞ്ഞു. ചേരാനെല്ലൂർ സ്റ്റേഷനിൽ പ്രതിക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ള ബലാത്സംഗക്കേസിലെ അതിജീവിതകളുടെ വൈദ്യപരിശോധനയും ഇന്നലെ നടത്തി.