വണ്ടൂർ : മലപ്പുറം വണ്ടൂരില്‍ ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് കഞ്ചാവ് തൂക്കി വില്‍ക്കുന്നതിനിടെ പിടിയിലായ സംഘത്തിന് നിരവധി ഇടപാടുകളുണ്ടെന്ന് പോലീസ്. വിദ്യാർത്ഥികളായിരുന്നു സംഘത്തിന്‍റെ പ്രധാന ഇരകള്‍. ഇടപടാടുകളെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്ന കുട്ടിമാൻ എന്നിവരാണ് വണ്ടൂര്‍ പൊലീസിന്‍റെ പിടിയിലായത്. ഇവരില്‍ നിന്ന് 225 ഗ്രാം കഞ്ചാവും അത് തൂക്കി വില്‍ക്കാനുള്ള ഡിജിറ്റല്‍ ത്രാസും പോലീസ് പിടിച്ചെടുത്തിരുന്നു. നേരത്തെ കഞ്ചാവ് മാഫിയ പൊതികളാക്കിയായിരുന്നു കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തിയിരുന്നത്.
അതില്‍ നിന്ന വ്യത്യസ്ഥമായി ഡിജിറ്റല്‍ ത്രാസ് കൊണ്ടു നടന്ന് ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ തൂക്കി വില്‍ക്കുകയാണ് ഈ സംഘം ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികളുടെ കയ്യിലുള്ള പണത്തിനനുസരിച്ച് കഞ്ചാവ് തൂക്കി നൽകാനാണ് ത്രാസ് കൂടെ കൊണ്ടു നടന്നിരുന്നതെന്നാണ് ഷിബിലും ഷബീറും പോലീസിന് നല്‍കിയിട്ടുള്ള മൊഴി. കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ഇരുവരുടെ രണ്ട് ബൈക്കുകളും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.