അടൂർ: പത്തനംതിട്ട അടൂർ എംസി റോഡിൽ പുതുശേരിഭാഗത്ത് ഒരു കുടുംബത്തിലെ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അടൂർ ഭാഗത്തേക്കു വരികയായിരുന്ന കാറിനെ എതിർ ദിശയിൽനിന്നു വന്ന കാർ നിയന്ത്രണം വിട്ടുവന്ന് ഇടിക്കുകയായിരുന്നു.
കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്കു പോവുകയായിരുന്ന കാറാണ് തെറ്റായ ദിശയിൽ വന്ന് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സൂചന. രാവിലെ ആറരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറും പൂർണമായി തകർന്നു.
അടൂർ ഭാഗത്തേക്കു വരികയായിരുന്ന കാറിലുണ്ടായിരുന്ന മടവൂർ സ്വദേശികളായ മടവൂർ പുലിയൂർകോണം ചാണയിൽകോണം വരംപിടിപ്പിള്ളി മഠത്തിൽ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭ(63) എന്നിവർ അപകടസ്ഥലത്തു തന്നെ മരിച്ചു. ഇവരുടെ മകൻ നിഖിൽ രാജ്(32) കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയും മരിച്ചു. മടവൂർ കളരി ഭദ്രകാളി ദേവി ക്ഷേത്രത്തിലെ മേൽശാന്തിയാണ് രാജശേഖര ഭട്ടതിരി. എതിർദിശയിൽനിന്നു വന്ന കാറിലുണ്ടായിരുന്ന നാലു പേരും പരുക്കേറ്റ് ചികിത്സയിലാണ്.