നന്ദേത്: ഡോ ബി ആര്‍ അംബേദ്കറുടെ ജന്മദിനം ആഘോഷിച്ച 24 കാരനായ ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 7 പേര്‍ അറസ്റ്റില്‍. ശനിയാഴ്ചയാണ് സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് 7 പേരെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നന്ദേത് ജില്ലയിലെ ബൊന്ദാര്‍ ഹവേലി ഗ്രാമത്തില്‍ രണ്ട് ദിവസം മുന്‍പാണ് കൊലപാതകം നടക്കുന്നത്. അക്ഷയ് ഭലേറാവു എന്ന ദളിത് യുവാവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച അക്ഷയ് ഭലേറാവുവും സഹോദരനും മേല്‍ജാതിയിലുള്ള അക്രമിയുടെ വീടിന് സമീപത്ത് കൂടി നടന്ന് പോവുകയായിരുന്നു.
വിവാഹാഘോഷങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു ഇത്. കയ്യില്‍ വാളുകള്‍ അടക്കമുള്ള വിവാഹാഘോഷം നടക്കുന്നതിനിടയില്‍ ഇവരെ കണ്ടപ്പോള്‍ അക്രമി ഇവര്‍ ഭീം ജയന്തി ആഘോഷിച്ചതിന് കൊല്ലപ്പെടേണ്ടവര്‍ ആണെന്ന് വിളിച്ച് പറയുകയായിരുന്നു. ഇത് വാക്ക് തര്‍ത്തിലേക്കും പിന്നീട് കയ്യേറ്റത്തിലേക്കും നീങ്ങുകയായിരുന്നു. ദളിത് യുവാവിനെ ക്രൂരമായി ആക്രമിച്ച മേല്‍ജാതിയിലെ ആളുകള്‍ അക്ഷയെ കുത്തിയാണ് കൊലപ്പെടുത്തിയത്. ഏപ്രില്‍ 14ന് നടന്ന അംബേദ്കര്‍ ജയന്തി ആഘോഷങ്ങളില്‍ അക്ഷയ് പങ്കെടുത്തിരുന്നു. അക്ഷയുടെ സഹോദരന്‍ ആകാശിനും സംഭവത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ആക്രമത്തില്‍ കുത്തേറ്റ് അവശനിലയിലായ ദളിത് യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വിശദമാക്കി.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗുജറാത്തിൽ സൺഗ്ലാസും നല്ല ഷർട്ടും ധരിച്ചത് ധരിച്ചതിന്റെ പേരിൽ ദളിത് യുവാവിനെ മേല്‍ജാതിക്കാർ വീട്ടിൽ കയറി തല്ലിച്ചതച്ചിരുന്നു. ബനസ്കണ്ട ജില്ലയിലെ പാലൻപുരിലുള്ള മോട്ട ഗ്രാമത്തിലാണ് ജിഗാർ ഷെഖാലിയ എന്ന യുവാവിനെയും അമ്മയെയും രജപുത്ര സമുദായത്തിലെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിലാണ്. സംഭവത്തിൽ ദളിത് യുവാവിന്‍റെ പരാതിയിൽ ഏഴോളം പേർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.