ജോലിയെക്കാൾ ബുദ്ധിമുട്ടാണ് മണിരത്നത്തിന്റെ ഭാര്യയായി ജീവിക്കാനെന്ന് നടി സുഹാസിനി. മണിരത്നത്തിന്റെ ഭാര്യ എന്നത് ഫുൾടൈം ജോലിയാണോ എന്നുള്ള ചോദ്യത്തിനാണ് കുടുംബജീവിതത്തെ കുറിച്ച് സുഹാസിനി വെളിപ്പെടുത്തിയത്.
‘ജോലിയെക്കാൾ ബുദ്ധിമുട്ടാണ് മണിരത്നത്തിന്റെ ഭാര്യയായി ജീവിക്കാൻ. 24 മണിക്കൂർ മതിയാവില്ല. ഫുൾടൈം ജോലിയെക്കാൾ കൂടുതലാണിത്’- സുഹാസിനി ഒരു ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
അന്ന് ഞാൻ തീരെ ചെറുപ്പമായിരുന്നു. ഇരുപത് വയസ്. ഹോർമോൺ പ്രവർത്തിക്കുന്നത് മറ്റൊരു രീതിയിലാണ്. എന്റെ പെൺസുഹൃത്തുക്കൾക്കൊപ്പം കുടുംബപ്രശ്നങ്ങളൊന്നുമില്ലാതെ അപ്പാർട്ട്മന്റെിൽ ഇരിക്കാനായിരുന്നു അന്നെനിക്ക് ഇഷ്ടം. കരിയറും സ്വാതന്ത്ര്യവുമായിരുന്നു പ്രധാനം. എന്നാൽ പെട്ടെന്ന് ഒരു ദിവസം കാര്യങ്ങൾ മാറി. ഞാനൊരു കുടുംബത്തിലേക്ക് വന്നപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുകയായിരുന്നു’- സുഹാസിനി പറഞ്ഞു.
‘ഇപ്പോഴും ഞങ്ങളുടേതായ സമയം ആസ്വദിക്കാറുണ്ട്. വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇതുവരെ പരസ്പരം വിരസത തോന്നിയിട്ടില്ല. ഒന്നിച്ച് നിലാവ് ആസ്വദിക്കുകയും ബീച്ചിലൂടെ തണുത്ത കാറ്റത്ത് നടക്കുകയും ഒന്നിച്ച് ഇഷ്ടഭക്ഷണം ആസ്വദിച്ച് കഴിക്കുകയും ചെയ്യാറുണ്ട്’-സുഹാസിനി കൂട്ടിച്ചേർത്തു.
1988ലാണ് സുഹാസിനിയും മണിരത്നവും വിവാഹിതരായത്. ഈ ദമ്പതികൾക്ക് നന്ദൻ എന്നൊരു മകനുണ്ട്.