ദില്ലി : മരച്ചീനിയുടെ ഇല ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ നടത്തിയ പഠനത്തിലാണ് ഈ ഇലകളുടെ കയ്പ്പിന് കാരണമായ സംയുക്തം ക്യാന്‍സറിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഇസ്രയേല്‍ കമ്പനികയായ മൈകോബ്രാ സംയുക്ത ഗവേഷണത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. കേന്ദ്രാനുമതി ലഭിച്ചയുടന്‍ മരുന്നിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. മരച്ചീനിയുടെ ഇല ഭക്ഷിക്കുന്ന മൃഗങ്ങള്‍ ചാകുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ ഇലകളെ പഠന വിധേയമാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ വിശദമായ ഗവേഷണത്തിനുശേഷമാണ് മരിച്ചീനി ഇലകളുടെ ഈ സവിശേഷത കണ്ടെത്തുന്നത്. സി ടി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ സി ഐ ജയപ്രകാശും വിദ്യാര്‍ഥികളായ ജോസഫ്, ശ്രീജിത്ത് എന്നിവരുമാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്.
മരച്ചീനി ഇലയുടെ കയ്പ്പിന് കാരണം സൈനോജന്‍ എന്ന രാസവസ്തുവാണെന്ന് സി ഐ ജയപ്രകാശ് വിശദീകരിച്ചു. ഈ രാസവസ്തുവിനെ തങ്ങള്‍ വേര്‍തിരിച്ചെടുത്തു. സൈനോജന്‍ എവിടെ നിന്ന് വന്നു എന്ന അന്വേഷണത്തിലൂടെ മരച്ചീനി ഇലയില്‍ നിന്നും ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സംയുക്തമുള്ളതായി കണ്ടെത്തിയെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. ഇസ്രയേലി ശാസ്ത്രജ്ഞര്‍ ഇക്കാര്യം മുന്‍പ് തന്നെ കണ്ടെത്തിയിരുന്നെങ്കിലും മരച്ചീനി ഇലയില്‍ നിന്നും സൈനോജനെ വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ മുന്‍പ് വികസിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ സംയുക്തം ക്യാന്‍സര്‍ സെല്ലുകളില്‍ പരീക്ഷിച്ചതോടെയാണ് പ്രതിരോധം മനസിലാക്കാനായത്. ശ്വാസകോശ അര്‍ബുദ കോശങ്ങളിലും ബ്രെയിന്‍ ട്യൂമര്‍ കോശങ്ങളിലുമാണ് ഈ സംയുക്തം പരീക്ഷിച്ചത്. അര്‍ബുദ കോശങ്ങള്‍ നശിക്കുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തിയെന്നാണ് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയത്. ഐ സി എ ആര്‍ അനുമതി ലഭിച്ചാലുടന്‍ ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ ആരംഭിക്കും. മരിച്ചീനി ഇലകള്‍ക്ക് കൊവിഡിനെ വരെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. എങ്കിലും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തന്നെ വിവരങ്ങള്‍ക്ക് പൂര്‍ണ സ്ഥിരീകരണമായിട്ടില്ല.