കൊച്ചി: മോൻസൺ മാവുങ്കലിന്‍റെ മ്യൂസിയത്തിൽ പുരാവസ്തുക്കളെന്ന പേരിൽ സൂക്ഷിച്ച വസ്തുക്കളുടെ ആധികാരികത കേന്ദ്ര ആർക്കിയോളജി സർവ്വെ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്രകാരമാണ് ചെന്നൈയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൊച്ചിയിലെ വീട്ടിൽ എത്തി പരിശോധന തുടങ്ങിയത്. ടിപ്പുവിന്‍റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ അടക്കം 13 സാധനങ്ങളുടെ പരിശോധന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് തേടിയത്. നേരത്തെ തൃശ്ശൂരിൽ നിന്നുള്ള ആർക്കിയോളജി സർവ്വെ സംഘം 35 സാധനങ്ങൾ പരിശോധിച്ച് ഇവ വ്യാജമാണെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സംഘത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷമാകും കുറ്റപത്രമടക്കം നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.