ന്യൂഡൽഹി ∙ വിദേശരാജ്യങ്ങളിലെ ഖലിസ്ഥാൻ ഭീകരരുടെ ഓവർസീസ് ഇന്ത്യൻ സിറ്റിസൻഷിപ് കാർഡുകൾ (ഒസിഐ കാർഡ്) റദ്ദാക്കിയേക്കും. കേന്ദ്രസർക്കാർ ഇതിനുള്ള നീക്കങ്ങൾ തുടങ്ങി. ഖലിസ്ഥാൻവാദി ഗുർപട്‌വന്ത് സിങ് പന്നുവിന്റെ സ്വത്ത് കണ്ടുകെട്ടിയതിനുപിന്നാലെ മറ്റു 19 പേരുടെകൂടി സ്വത്തുവിവരങ്ങൾ ശേഖരിക്കുന്നുണ്ട്.ഒസിഐ കാർഡ് റദ്ദാക്കിയാൽ ഇവർക്ക് ഇന്ത്യയിലേക്കു വരാനാവില്ല. ഇതെക്കുറിച്ചു വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ പൗരത്വമില്ലാത്ത ഇന്ത്യക്കാർക്കു നൽകുന്ന ഒസിഐ കാർഡുള്ളവർക്ക് ഇന്ത്യയിലേക്കു വരാൻ ആജീവനാന്ത വീസ ലഭ്യമാണ്. മറ്റു വിദേശികളെപ്പോലെ ഇന്ത്യയിൽ വന്നാൽ വിവരങ്ങൾ അധികൃതരെ അറിയിക്കേണ്ട. ഇന്ത്യയിൽ സ്വത്തു വാങ്ങാനും കൈമാറ്റം ചെയ്യാനും കഴിയും. ഈ കാർഡ് റദ്ദാക്കുന്നതോടെ ഖലിസ്ഥാൻവാദികൾക്ക് ഇന്ത്യയിൽ വന്നു പ്രവർത്തിക്കാനാവില്ലെന്നതാണു സർക്കാരിനെ ഈ വഴിക്കു നീങ്ങാൻ പ്രേരിപ്പിക്കുന്നത്. കാനഡ, യുകെ, യുഎസ്, ഓസ്ട്രേലിയ, പാക്കിസ്ഥാൻ, യുഎഇ എന്നീ രാജ്യങ്ങളിലുള്ള ഖലിസ്ഥാൻവാദികളുടെ സ്വത്തുവിവരങ്ങളാണു ശേഖരിക്കുന്നത്.
കാനഡയ്ക്ക് യുഎസ് രഹസ്യവിവരം നൽകി
ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനുശേഷം, ഇന്ത്യയുടെ പങ്കു സംശയിക്കാവുന്ന രഹസ്യവിവരങ്ങൾ കാനഡയ്ക്കു യുഎസ് കൈമാറിയിരുന്നെന്നു ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഫോൺ സംഭാഷണം കാനഡയുടെ രഹസ്യാന്വേഷണ ഏജൻസികൾക്കു ലഭിച്ചതാണ് ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിക്കാൻ ബലമായതെങ്കിലും ഇതിനു പശ്ചാത്തലമൊരുക്കിയത് യുഎസ് നൽകിയ വിവരങ്ങളാണ്.ഇതിനിടെ, നിജ്ജാറിന്റെ മരണം സംബന്ധിച്ചു ‘വിശ്വസനീയമായ തെളിവ്’ ലഭിച്ചിട്ടുണ്ടെന്ന് കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ പറഞ്ഞു.