ന്യൂഡൽഹി: അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കലാമേഖലയിലെ പ്രശസ്‌തർക്ക് മുൻ സർക്കാർ അനുവദിച്ച വീടുകളും ഒഴിപ്പിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടു. തൊണ്ണൂറുകാരനായ പത്മശ്രീ അവാർഡ് ജേതാവും ഒഡീസി നർത്തകനുമായ ഗുരു മായാധർ റൗത്തിനെ ഒഴിപ്പിച്ചതിനു പിന്നാലെ 8 കലാകാരൻമാർക്കു കൂടി സർക്കാർ നോട്ടിസ് നൽകി. മേയ് 2നകം ഒഴിയണമെന്നാണ് ആവശ്യം. നിരവധി തവണ നോട്ടിസ് നൽകിയിട്ടും ഒഴിയാൻ ഇവർ തയാറായിരുന്നില്ല. മേയ് 2നകം ഒഴിയുമെന്ന് കലാകാരൻമാർ ഉറപ്പ് നൽകിയതായി കേന്ദ്ര ഭവനവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
സർക്കാരിന്റെ നയമനുസരിച്ച്, പ്രതിമാസം 20,000 രൂപയിൽ താഴെ വരുമാനമുള്ള 40 കലാകാരന്മാർക്ക് സാംസ്കാരിക മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ജനറൽ പൂൾ റസിഡൻഷ്യൽ അക്കോമഡേഷനിൽ പ്രത്യേക ക്വാട്ടയിൽ താമസസൗകര്യം അനുവദിക്കാം. 2014ലാണ് വീടുകൾ ഒഴിപ്പിക്കാൻ സർക്കാർ തീരുമാനം എടുത്തത്. സ്ഥലം ഒഴിയാൻ 2020 ഡിസംബർ 31 വരെയായിരുന്നു കേന്ദ്രസർക്കാർ സമയം അനുവദിച്ചിരുന്നത്.
കലാകാരൻമാർ ഇതിനെതിരെ ഹർജി നൽകിയതോടെ ഹൈക്കോടതി സാവാകാശം അനുവദിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംഗീതജ്ഞയായ റീത്ത ഗാംഗുലി നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് ഇനിയും സമയം നീട്ടാനാവില്ലെന്നും ഏപ്രിൽ അവസാനത്തോടെ വീടുകൾ ഒഴിയണമെന്നും വ്യക്തമാക്കി. ഹർജിയുമായി മുന്നോട്ടുപോയാൽ വലിയ തുക പിഴചുമത്തുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.
സമാന ആവശ്യം ഉന്നയിച്ച് പ്രശസ്ത നർത്തകി ഭാരതി ശിവജി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് ഫെബ്രുവരിയിൽ തള്ളിയിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ ഇവർ സമീപിച്ചുവെങ്കിലും സാവകാശം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളി.
കുച്ചിപ്പുടി നർത്തകൻ ഗുരു വി ജയറാമ റാവു, ദ്രുപദ് ഗായകൻ ഉസ്താദ് എഫ്. വസീഫുദീൻ ദാഗർ എന്നിവർ 2020 ഒക്ടോബറിൽ സർക്കാർ നൽകിയ നോട്ടിസിനെ ചോദ്യം ചെയ്‌ത് കോടതിയെ സമീപിച്ചിരുന്നു. ഹർജി തള്ളിയ ഹൈക്കോടതി മാന്യമായി വീടൊഴിയാൻ രണ്ടുമാസത്തെ സാവകാശം അനുവദിച്ചു. എന്നാൽ ഗുരു മായാധർ റൗത്തിനെ പോലെയുള്ള പ്രശസ്ത കലാകാരൻമാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതിഷേധം ഉയർന്നിരുന്നു. മനുഷ്യത്വരഹിതമായാണ് അദ്ദേഹത്തോട് ഉദ്യോഗസ്ഥർ പെരുമാറിയതെന്നും ആരോപണം ഉയർന്നു.