ന്യൂഡൽഹി> സുപ്രീംകോടതി ഒഴിയാൻ ആവശ്യപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) ഡയറക്ടർ എസ് കെ മിശ്രയ്‌ക്ക് കാലാവധി നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഈ മാസം പതിനൊന്നിനാണ് മിശ്രയ്‌ക്ക് ചട്ടവിരുദ്ധമായി നൽകിയ കാലാവധി നീട്ടിനൽകൽ ജസ്‌റ്റിസ് ഭൂഷൺ ഗവായ് അധ്യക്ഷനായ മൂന്നംഗബെഞ്ച് റദ്ദാക്കിയത്. 31നകം പുതിയ ഡയറക്‌ടറെ നിയമിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി വിധി നടപ്പാക്കുന്നതിന് പകരം മിശ്രയ്‌ക്ക് വീണ്ടും കാലാവധി നീട്ടിനൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.സുഗമമായ അധികാരക്കൈമാറ്റത്തിന് സാവകാശം അനുവദിക്കണമെന്ന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചായിരുന്നു 31വരെ സമയം നൽകിയത്. കോടതി ഉത്തരവ് മറികടന്ന് എസ് കെ മിശ്രയ്‌ക്ക് കാലാവധി നീട്ടിനൽകിയത് അംഗീകരിക്കാനാകില്ലെന്ന് ജസ്‌റ്റിസുമാരായ വിക്രംനാഥ്, സഞ്‌ജയ്‌കരോൾ എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച് ഉത്തരവിൽ വിമർശിച്ചിരുന്നു. ഇഡി ഡയറക്ടറാകാൻ വേറെ ആരുമില്ലേയെന്നും കോടതി തുറന്നടിച്ചിരുന്നു. മോദിസർക്കാരിന്റെ വിശ്വസ്‌തനായ മിശ്രയ്‌ക്ക് വീണ്ടും കാലാവധി നീട്ടിനൽകുന്നത് സംബന്ധിച്ച അപേക്ഷ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബുധനാഴ്‌ച സമർപ്പിച്ചു. ഹർജി വ്യാഴാഴ്‌ച പരിഗണിക്കുമെന്ന് ഭൂഷൺ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2018 നവംബറിൽ രണ്ടുവർഷത്തേക്കാണ് എസ് കെ മിശ്രയെ ഇഡി ഡയറക്ടറായി ആദ്യം നിയമിച്ചത്. 2020 മെയ്‌മാസം കാലാവധി പൂർത്തിയായി. 2020 നവംബറിൽ അദ്ദേഹത്തിന് വിരമിക്കൽ പ്രായമായി. തുടർന്ന് ആദ്യ നിയമനഉത്തരവിലെ രണ്ടുവർഷ സേവനകാലയളവ് മൂന്ന് വർഷമാക്കി ഭേദഗതിവരുത്തി. 2021 സെപ്‌തംബറിൽ ഉത്തരവിൽ വരുത്തിയ മാറ്റം കോടതി അംഗീകരിച്ചിരുന്നു. വീണ്ടും കാലാവധി നീട്ടികൊടുക്കരുതെന്നും ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെ, കേന്ദ്രം സിവിസി നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന് ഇഡി ഡയറക്ടറുടെ കാലാവധി പരമാവധി അഞ്ചുവർഷമാക്കി. നിയമഭേദഗതി പരിചയാക്കി 2021 നവംബറിലും 2022 നവംബറിലും മിശ്രയ്‌ക്ക് ഒരോ വർഷം വീതം കാലാവധി നീട്ടി നൽകുകയായിരുന്നു. ഇതാണ് കോടതി റദ്ദാക്കിയത്.