ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള വിവിധ ഹർജികൾ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിെൻറ നീക്കം.
അതിനിടെ, സ്വവർഗ വിവാഹം നിയമവിധേയമാക്കരുതെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്ത് എടുക്കാൻ അധികാരമില്ലെന്ന് കാണിച്ചാണ് ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ ഈ ഹർജികൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ അപേക്ഷയിൽ പറയുന്നത്. സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള അധികാരം നിയമനിർമാണ സഭകൾക്കാണെന്നും കോടതിക്കല്ലെന്നും കേന്ദ്രം അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവൻ ആവശ്യം അല്ല. വരേണ്യവർഗ്ഗത്തിൽ പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണിതെന്നും കേന്ദ്രം അപേക്ഷയിൽ പറയുന്നുണ്ട്.