കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതങ്ങള്‍ക്ക് നടുവിലൂടെയാണ് ലോകം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളും കടന്നു പോയത്. 2022നോട് വിട പറയുമ്പോഴും കോവിഡ് ആശങ്കകള്‍ അകലുന്നില്ല. പുതിയ രൂപത്തിലും ഭാവത്തിലും പുതുവര്‍ഷത്തിലും കോവിഡ് നമുക്ക് ഒപ്പമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ പുതുവര്‍ഷത്തില്‍ ലോകം കോവിഡിനോളമോ അതിലധികമോ ഭയക്കേണ്ടത് നൂറ്റാണ്ടുകളോളം നമ്മോട് ഒപ്പമുണ്ടായിരുന്നതും നാം ഏറെക്കുറേ കീഴടക്കിയെന്ന് കരുതിയതുമായ മറ്റൊരു രോഗത്തെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മീസില്‍സ് അഥവാ അഞ്ചാം പനി എന്ന രോഗമാണ് മഹാമാരി സൃഷ്ടിച്ച സാഹചര്യങ്ങള്‍ മുതലെടുത്ത് മടങ്ങി വരവ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യ, എത്യോപ്പിയ, താജിക്കിസ്ഥാന്‍, പോളണ്ട് എന്നിവയുള്‍പ്പെടെ 22 രാജ്യങ്ങളില്‍ 90 ലക്ഷത്തോളം പേരെ കഴിഞ്ഞ വര്‍ഷം അഞ്ചാം പനി ബാധിച്ചു. 1.28 ലക്ഷത്തോളം പേര്‍ ഇത് മൂലം മരണപ്പെട്ടു. ലക്ഷണക്കണക്കിന് കുട്ടികള്‍ക്ക് അവരുടെ ഭാവിജീവിതത്തെ തന്നെ തകര്‍ത്ത് കളയുന്ന നാഡീവ്യൂഹപരമായ പ്രശ്നങ്ങളുണ്ടായി. വാക്സിനേഷനിലൂടെ പൂര്‍ണമായും നിയന്ത്രിക്കാവുന്ന ഈ രോഗം കോവിഡ് കാലത്തില്‍ വാക്സിനേഷന്‍ കവറേജ് കുറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും തല പൊക്കിയിരിക്കുന്നത്.
കോവിഡിനെതിരെയുള്ള വാക്സീനുകള്‍ റെക്കോര്‍ഡ് സമയത്തില്‍ വികസിപ്പിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അഞ്ചാംപനി പോലെയുള്ള പല രോഗങ്ങള്‍ക്കും നിലവിലുള്ള കുത്തിവയ്പ്പ് പരിപാടികള്‍ മുടങ്ങുകയും ലക്ഷണക്കക്കിന് കുട്ടികള്‍ക്ക് ഇതിനുള്ള വാക്സീനുകള്‍ ലഭിക്കാതെ പോകുകയും ചെയ്തതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പറയുന്നു. 95 ശതമാനം കുട്ടികള്‍ക്കും മീസില്‍സ് വാക്സീന്‍ നല്‍കുന്ന രാജ്യങ്ങള്‍ സമൂഹ പ്രതിരോധം വികസിപ്പിച്ച് അഞ്ചാം പനി മുക്തമാകുമെന്ന് കരുതപ്പെടുന്നു. 2023 ഓടെ ഈ പദവി കൈവരിക്കാമെന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്ക്. 2020ല്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാതെ വന്നതോടെ 2023ല്‍ അഞ്ചാംപനി മുക്ത ഭാരതമെന്ന ലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു.
ഇന്ത്യയിലെ ശിശുക്കള്‍ക്ക് ഒന്‍പത് മാസത്തിനും 12 മാസത്തിനും ഇടയില്‍ അഞ്ചാം പനിക്കുള്ള ആദ്യ കുത്തിവയ്പ്പും 15നും 18നും മാസങ്ങള്‍ക്കിടയില്‍ രണ്ടാം ഡോസും നല്‍കുന്നു. 2019നും 2021നും ഇടയില്‍ 56 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് രണ്ട് ഡോസ് അഞ്ചാം പനി വാക്സീന്‍ നല്‍കാന്‍ സാധിച്ചതെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പുതു വര്‍ഷത്തില്‍ കോവിഡ് നിയന്ത്രണത്തോടൊപ്പം തീവ്ര അഞ്ചാം പനി വാക്സീന്‍ പ്രചാരണവും ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ നടത്തേണ്ടി വരുമെന്ന് രാജ്യാന്തര ആരോഗ്യ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.