കശ്മീർ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് കബളിപ്പിച്ച് ഗുജറാത്ത് സ്വദേശി കശ്മീരിൽ നേടിയത് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങൾ. ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീർ അധികൃതർ ഇയാൾക്കായി സജ്ജമാക്കിയത്. ഉയർന്ന റാങ്കിലുള്ള പല ഉദ്യോഗസ്ഥരുമായി ഇയാൾ ഔദ്യോഗിക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കിരൺ ഭായി പട്ടേൽ എന്ന ഗുജറാത്ത് സ്വദേശിയാണ് ഈ ആൾമാറാട്ടം നടത്തി ഒടുവിൽ പിടിയിലായത്.
ഈ വർഷം ആദ്യമാണ് കിരൺ ഭായി പട്ടേൽ ശ്രീനഗറിലേക്ക് രണ്ട് തവണ സന്ദർശനം നടത്തിയത്. 10 ദിവസം മുമ്പ് ഇയാൾ പൊലീസിന്റെ പിടിയിലായെങ്കിലും വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടശേഷമാണ് വിവരം പുറത്തുവന്നത്. അറസ്റ്റിലായ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
ഫെബ്രുവരിയിലാണ് ശ്രീനഗറിലെ റിസോർട്ടുകളിലേക്ക് ഇയാൾ സന്ദർശനം നടത്തിയത്. പാരാമിലിട്ടറി ഫോഴ്സുകളുടെയും പൊലീസിന്റെയും അകമ്പടിയോടെ ഇയാൾ സഞ്ചരിക്കുന്നതിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾക്ക് അംഗരക്ഷകരുണ്ടായിരുന്നു എന്നത് ശ്രീനഗറിലെ ലാൽചൗക്കിലുള്ള ക്ലോക്ക് ടവറിനു മുമ്പിൽ നിൽക്കുന്ന ഫോട്ടോയിലും വ്യക്തമാണ്. ഗുജറാത്തിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ ശ്രീനഗറിലെ ധൂത്പാത്രിയിലേക്ക് കൊണ്ടുവരുന്ന കാര്യം ഔദ്യോഗികമായി ചർച്ച ചെയ്യാൻ നിരവധി ഉന്നത ഉദ്യോഗസ്ഥരുമായി ഇയാൾ കൂടിക്കാഴ്ച നടത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
ആദ്യ സന്ദർശനത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം ഇയാൾ വീണ്ടും ഇവിടെയെത്തി. അതോടെയാണ് ഇയാളെക്കുറിച്ച് സംശയം തോന്നിയത്. ഐഎഎസുകാരനായ ഒരു ജില്ലാ ജഡ്ജി ഈ ഉന്നത ഉദ്യോഗസ്ഥന്റെ സന്ദർശനം റിപ്പോർട്ട് ചെയ്തതാണ് വഴിത്തിരിവായത്. തുടർന്ന് ഇന്റലിജൻസ് വിഭാഗം പൊലീസിനെ വിവരമറിയിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി അന്വേഷിച്ച പൊലീസ് ശ്രീനഗറിലെ ഒരു ഹോട്ടലിൽ നിന്ന് പിടികൂടുകയായിരുന്നു. സുരക്ഷാവീഴ്ചയുണ്ടായ പശ്ചാത്തലത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുമുണ്ട്. ഗുജറാത്ത് പൊലീസിന്റെ കൂടി സഹകരണത്തോടെ കിരൺ ഭായി പട്ടേലിനെതിരായ അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണ്.