തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവ് കണ്ടെത്തിയതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ തെറ്റ് തുറന്നു പറയണമെന്ന് കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകൾ ലളിത. വിദ്യാർഥി തെറ്റ് ചെയ്താലും അധ്യാപകന് അത് തിരുത്താൻ കഴിയാതെപോയതാണ് ഗൗരവതരമെന്ന് ലളിത ചങ്ങമ്പുഴ പറഞ്ഞു. മലയാളത്തിലെ പ്രശസ്ത കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ വാഴക്കുല, വൈലോപ്പിള്ളിയുടേതാണെന്ന് ചിന്തയുടെ പ്രബന്ധത്തിൽ രേഖപ്പെടുത്തിയതാണ് വിമർശനത്തിന് വഴിവച്ചത്. ‘വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മനസ്സിൽ കണ്ടുകൊണ്ടാണോ ആ കുട്ടി പ്രബന്ധം എഴുതിയതെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാകാം തെറ്റുപറ്റിയത്. കുട്ടിയെ കുറ്റം പറായാനാകില്ല. വയസ്സ് ആയാലും അവർ വിദ്യാർഥി തന്നെയാണ്. പക്ഷേ തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ പാടില്ല. അത് തിരിച്ചെടുക്കണം. തെറ്റ് പറ്റി പോയതിന് ആർക്കും വിഷമമില്ല. തെറ്റ് പറ്റിയവർ അത് തുറന്നു പറയണം.’–ലളിത പറഞ്ഞു.
എനിക്ക് ഒരു വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. മറ്റുള്ളവർ അച്ഛന് നൽകുന്ന ആദരമാണ് തനിക്ക് അച്ഛനോടുള്ള ആത്മബന്ധമെന്നും ലളിത പറഞ്ഞു.