ന്യൂഡല്‍ഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആധാര്‍ എടുക്കുന്നതിനും വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനുമുള്ള നിബന്ധനകളില്‍ മാറ്റം. കഴിഞ്ഞയാഴ്ചയാണ് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഇതിനുള്ള ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് ആധാർ എടുക്കാന്‍ ഇനി പ്രത്യേക ഫോറങ്ങളാണ് ഉപയോഗിക്കേണ്ടത്. സാധുതയുള്ള ഇന്ത്യന്‍ പാസ്‍പോര്‍ട്ടുള്ള എല്ലാ വിദേശ ഇന്ത്യക്കാരും ആധാറിന് അര്‍ഹരാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഇതില്‍ വ്യത്യാസമൊന്നുമില്ല. ഏത് ആധാര്‍ എണ്‍റോൾമെന്റ് സെന്ററില്‍ നിന്നും പ്രവാസികള്‍ക്ക് ആധാര്‍ എടുക്കാം. എന്നാല്‍ സാധുതയുള്ള ഇന്ത്യന്‍ പാസ്‍പോര്‍ട്ട് മാത്രമാണ് ആധാര്‍ എടുക്കാന്‍ പ്രവാസികളില്‍ നിന്ന് സ്വീകരിക്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖ. 2023 ഒക്ടോബര്‍ ഒന്നിന് ശേഷം ജനിച്ചവ വിദേശ ഇന്ത്യക്കാരും അല്ലാത്തവരും ജനന സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.