വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ ടാറ്റൂ കുത്തിയതിനെ തുടർന്ന് രണ്ട് പേർ എച്ച്‌ഐവി ബാധിതരായെന്ന് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിലകുറഞ്ഞ ടാറ്റൂ പാർലറുകളെ സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. പരിശോധനയ്ക്കും കൗൺസിലിങ്ങിനും ശേഷം എച്ച്ഐവി രോഗികൾ ടാറ്റൂ ചെയ്തതായി മനസ്സിലായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഹോസ്പിറ്റലിലെ ഡോ. പ്രീതി അഗർവാൾ പറഞ്ഞു.
ബരാഗാവിൽ നിന്നുള്ള 20 കാരനും നാഗ്മയിൽ നിന്നുള്ള 25 കാരിയായ യുവതിയമടക്കം 14 പേരാണ് കടുത്ത പനിയുമായി ചികിത്സ തേടി എത്തിയത്. വൈറൽ ടൈഫോയ്ഡ്, മലേറിയ ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പനി കുറയാതെ വന്നതോടെ എച്ച്‌ഐവി പരിശോധന നടത്തിയപ്പോൾ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. അന്വേഷണം നടത്തിയപ്പോൾ എച്ച്ഐവി ബാധിതരിൽ ആർക്കും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമുള്ളതായോ അണുബാധയുള്ള രക്തം വഴിയോ രോഗം ബാധിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തി. എന്നാൽ എല്ലാ രോഗികളും ഒരു സ്ഥാപനത്തിൽ നിന്ന് ടാറ്റു ചെയ്തതായി കണ്ടെത്തി.
രോഗബാധിതരിൽ ഒരേ സൂചി ഉപയോഗിച്ച് ഒരേ വ്യക്തി ടാറ്റൂ പതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടാറ്റൂ സൂചികൾ ചെലവേറിയതാണ്. അതിനാൽ ടാറ്റൂ ആർട്ടിസ്റ്റുകൾ പണം ലാഭിക്കാൻ പലപ്പോഴും ഒരേ സൂചികൾ ഉപയോഗിക്കുന്നു. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സൂചി പുതിയതാണോ എന്ന് എപ്പോഴും പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. ടാറ്റൂകളും ബോഡി പിയേഴ്‌സിംഗും കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ ജനപ്രിയമാണ്. ടാറ്റൂ കുത്തുന്നത് യുവാക്കൾക്കിടയിൽ വർധിക്കുന്നതിനാൽ, ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.