ചെന്നൈ : കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം. മറിന, ബെസന്ത് നഗര്‍, നീലങ്കരൈ എന്നീ ബീച്ചുകളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഇവിടെ പാര്‍ക്കിങ് നിരോധിച്ചതായും പൊലീസ് അറിയിച്ചു. ഹോട്ടല്‍, റിസോര്‍ട്ട് എന്നിവിടങ്ങളിലെ സംഗീത, ഡിജെ പാര്‍ട്ടി സര്‍ക്കാര്‍ നിരോധിച്ചു. അപാര്‍ട്ടുമെന്റുകളിലെ ആഘോഷങ്ങള്‍ക്കും നിരോധനം ബാധകമാണ്. ഡിസംബര്‍ 31ന് രാത്രി 9 മണിക്ക് ശേഷം ഈ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, കാമരാജ് റോഡ്, മറിന ബീച്ച് റോഡ്, ബെസന്ത് നഗര്‍ ഏലിയറ്റ് റോഡ് എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. ഭക്ഷണശാലകള്‍ രാത്രി 11 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഹോട്ടലുകളിലെ ജീവനക്കാര്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ 11 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 45 ആയി ഉയര്‍ന്നു. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, കേരളത്തിലും ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ തമിഴ്‌നാട് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരിക്കുകയാണ്.