തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സർവത്ര അഴിമതിയാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . ചെങ്ങന്നൂരിലെ അലൈമെൻ്റ് മാറ്റം അഴിമതിയുടെ മറ്റൊരു വശമാണ്. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിയിൽ സർക്കാർ ഉറച്ചു നിൽക്കുന്നതിൽ ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിനെതിരെ വിമോചന സമരത്തിന്റെ ആവശ്യമില്ല. കൊതുകിനെ കൊല്ലാൻ തോക്കു വേണോ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെ റെയിലിന്റെ പേരിൽ ജനങ്ങളെ വഴിയാധാരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. പദ്ധതി പരിസ്ഥിതിയെ നശിപ്പിക്കുന്നതാണ്. പദ്ധതിക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തും. പ്രതിഷേധത്തിൽ ബിജെപിയുടെ പിന്തുണ വേണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു. അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് അംഗീകാരമില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആവർത്തിച്ചു. ജനങ്ങളുടെ എതിർപ്പ് മറികടന്ന് സംസ്ഥാന സർക്കാർ മുമ്പോട്ട് പോകുകയാണ്. പദ്ധതിക്ക് അനുമതി നൽകരുതെന്നും മുരളീധരൻ പറഞ്ഞു.
അതിനിടെ, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതിക്കായി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി നാളെ ദില്ലിയിലെത്തും. ദില്ലിയിലെത്തി പദ്ധതിക്കായി മുഖ്യമന്ത്രി രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തും. സില്‍വര്‍ ലൈനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുമ്പോഴാണ് മുഖ്യമന്ത്രി നേരിട്ടിറങ്ങുന്നത്. എന്തൊക്കെ എതിര്‍പ്പുയര്‍ന്നാലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്‍പോട്ട് പോകുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അനുമതി മാത്രമാണ് ഇപ്പോള്‍ പദ്ധതിക്കുള്ളത്. ഈ അനുമതിയുടെ ബലത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ നീക്കുന്നത്. അന്തിമ അനുമതി നല്‍കരുതെന്ന് ബിജെപിയും യുഡിഎഫും കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി ഇപ്പോഴത്തെ രൂപത്തില്‍ നടപ്പിലാക്കിയാൽ ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക പ്രത്യാഘാതം എന്തായിരിക്കുമെന്ന് പറയാനാവില്ലെന്ന് റെയില്‍ വേമന്ത്രി പാര്‍ലമെന്‍റില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പദ്ധതിക്കുള്ള വിദേശ വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ദില്ലി യാത്ര. പദ്ധതിയോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കും. വന്‍കിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന നയം അനുകൂലമാക്കാനും ശ്രമിക്കും. അന്തിമാനുമതിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനൊപ്പം രാഷ്ട്രീയമായ സമ്മര്‍ദ്ദം ഫലം ചെയ്യുമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ വരവിന് മുന്നോടിയായി കെ റെയില്‍ എംഡി റയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥലമേറ്റടുക്കലിലും, ഡിപിആറിനെ കുറിച്ചും മന്ത്രാലയം ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തനാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.