ഈസ്റ്റർ ആഘോഷത്തിന് മലയാളി ഒരുങ്ങിയതോടെ വിപണിയിൽ മത്സ്യ- മാംസ വില കുതിക്കുന്നു. സംസഥാനത്ത് കോഴിയിറച്ചി വില ഉയർന്നിട്ടുണ്ട് കോഴിക്ക് 148 രൂപയും കോഴിയിറച്ചിക്ക് 250 രൂപയുമാണ് മിക്കയിടത്തും വില. ഈസ്റ്റർ വിപണിയിൽ ആവശ്യക്കാർ കൂടിയതോടെ മീൻ വിലയും ഉയരുകയാണ്. ഇറച്ചിയും മീനും ഒന്നുമില്ലാതെ എന്ത് ഈസ്റ്റർ ആഘോഷം എന്ന് ചിന്തിക്കുന്ന മലയാളികൾക്ക് ഉയരുന്ന മത്സ്യ മാംസ വില വലിയ ആഘാതം തന്നെയാണ് നൽകുന്നത്. എങ്കിലും വിപണി സജീവമായി തുടരുകയാണ്. നാളത്തെ ഈസ്റ്റർ ആഘോഷത്തിന് രുചികൂട്ടാൻ കോഴിയും താറാവും പന്നിയും ബീഫും മീനും എല്ലാം വാങ്ങാൻ മലയാളികൾ മാർക്കറ്റിലേക്ക് ഇറങ്ങി കഴിഞ്ഞു. ഈസ്റ്റർ വിപണിയിൽ മീൻ വിഭവങ്ങൾക്കാണ് ഏറെ ഡിമാൻഡ്. വിപണിയിൽ ഒരു കിലോ നെയ്മീന് 1,200 രൂപയാണ് വില. ചെമ്മീന് 440, കരിമീൻ 580. ചൂരയ്ക്കാണ് അൽപ്പം വിലക്കുറവ് ഉള്ളത്. ഒരു കിലോ ചൂരയ്ക്ക് 180 രൂപയാണ് വില. അതേസമയം മട്ടനും ബീഫിനും പോർക്കിനുമൊന്നും വില കൂടിയിട്ടില്ല. താറാവിന് 330 രൂപയാണ് വില
കോവിഡ് മഹാമാരിക്ക് ശേഷം ഈസ്റ്റർ വിപണി സജീവമാകുമ്പോൾ കച്ചവടക്കാരും പ്രതീക്ഷയിലാണ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വിപണിയിൽ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും വ്യാപാരികൾ അഭിപ്രായപ്പെടുന്നു. വിഷുവിന് തൊട്ടുപിന്നാലെ ഈസ്റ്റർ എത്തിയത് കൊണ്ടാകാം പച്ചക്കറി വിപണിയിൽ വലിയ ചലനമില്ല.