തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വ്യാഴാഴ്ച കോവിഡ് അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. മന്ത്രിമാരുടെ ഓഫിസുകളില്‍ ഉള്‍പ്പെടെ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഭാഗികമായി അടച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ പല നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സിപിഎം ജില്ലാ സമ്മേളനത്തില്‍ സജീവമായിരുന്നവര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. നോര്‍ക്കയില്‍ സിഇഒ അടക്കമുള്ള ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.
സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ നില 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തി. എന്നാല്‍, സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനാല്‍ പദ്ധതി നടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിക്കടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു. േകാവിഡിനെ തുടര്‍ന്ന് വനം മന്ത്രിയുടെ ഓഫിസ് നേരത്തെ അടച്ചിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം വരെ അടച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് വിവരം.