തിരുവനന്തപുരം > പേട്ടയിൽ നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ വൈകുന്നേരം ആറിനു നടത്തുന്ന വാർത്താസമ്മേളനത്തിൽ സിറ്റി പൊലീസ് കമീഷണർ പറയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
ഫെബ്രുവരി 19നാണ് പേട്ടയിൽ ബിഹാർ സ്വദേശികളുടെ കുഞ്ഞിനെ കാണാതായത്. സഹോദരങ്ങളോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കാണാതാവുകയായിരുന്നു. ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. 19 മണിക്കൂറിന് ശേഷം കൊച്ചുവേളി റെയിൽവേസ്റ്റേഷനു സമീപത്തെ ഓടയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയതെന്നും കുട്ടി കരഞ്ഞതോടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നുമാണ് വിവരം.