മലപ്പുറം: വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘ പൊൻവാക്ക് ‘ പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് മാസത്തിനിടെ തടഞ്ഞത് 11 ശൈശവ വിവാഹങ്ങൾ. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്നയാൾക്ക് 2500 രൂപ പാരിതോഷികം നൽകും. പൊതുജന പങ്കാളിത്തത്തോടെ ഇത്തരം വിവാഹങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം നല്‍കുന്ന പദ്ധതി ആവിഷ്കരിച്ചത്. ആറുമാസം മുമ്പാണ് ആരംഭിച്ചത്. ജില്ലയിൽ ഒരാൾക്ക് മാത്രമാണ് 2500 രൂപ പാരിതോഷികം ലഭിച്ചത്.
ആറുപേർക്ക് കൂടി പാരിതോഷികം ലഭിക്കാൻ അർഹതയുണ്ടെന്നും നടപടിക്രമം പുരോഗമിക്കുകയാണെന്നും വനിത ശിശു വികസന വകുപ്പ് ജില്ല ഓഫിസർ അറിയിച്ചു. ശൈശവ വിവാഹം സംബന്ധിച്ച വിവരം നൽകുന്ന വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സംഭവമറിഞ്ഞാല്‍ വിവരദാതാവിെൻറ പേരുവിവരം വെളിപ്പെടുത്താതെ ശൈശവ വിവാഹ നിരോധന ഓഫിസര്‍, ജില്ല വനിത-ശിശു വികസന ഓഫിസര്‍ എന്നിവർക്ക് വിവരം കൈമാറണം. ഒന്നിലധികം പേര്‍ അറിയിച്ചാല്‍ ആദ്യം വിവരമറിയിച്ച വ്യക്തിക്കാണ് പാരിതോഷികം. ശൈശവ വിവാഹം സംബന്ധിച്ച വിവരം അറിയിക്കേണ്ട ഫോൺ നമ്പർ: 94479 47304.