തൃശൂര്‍ : ടൗണ്‍ ഹാളില്‍ വനിതാ കമ്മിഷന് സിറ്റിങ്ങില്‍ പരാതിയുമായി എത്തിയ 70 വയസ്സുകാരി കമ്മിഷനു നേരെ മുളകുപൊടി എറിഞ്ഞു. താന്‍ നല്കിയ പരാതിയില്‍ കമ്മിഷന് സ്വീകരിച്ച നടപടിയില്‍ തൃപ്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു അക്രമം. ഭര്‍ത്താവ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാരോപിച്ച് ഇവർ വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് കമ്മിഷന് പരാതി പരിഗണിച്ചിരുന്നില്ല.
എന്നാല്‍, സിറ്റിങ്ങിനിടെ ഹാളിലെത്തിയ സ്ത്രീ കയ്യില്‍ കരുതിയിരുന്ന പായ്ക്കറ്റ് പൊട്ടിച്ച് മുളകുപൊടി സ്റ്റേജിലേക്ക് വിതറുകയായിരുന്നു. ഫാനിട്ടിരുന്നതിനാല്‍ മുളക്പൊടി പറന്ന് എല്ലാവരുടേയും കണ്ണിലും ശരീരത്തിലുമായതോടെ ആകെ ബഹളമായി. ഇതിനിടെ പൊലീസ് എത്തി മുളക്പൊടി എറിഞ്ഞ സ്ത്രീയെ കൂട്ടിക്കൊണ്ടുപോയി. ഇവര്‍ക്ക് മനോദൗര്‍ബല്യമുണ്ടെന്നാണ് കരുതുന്നത്. വനിതാ കമ്മിഷന് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഇവര്‍ സ്വരാജ് ഗ്രൗണ്ടില്‍ നാമജപപ്രതിഷേധം നടത്തിയിരുന്നു.