തായ്പെയ് : യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷാവസ്ഥയ്‌ക്കിടെ, പ്രതിഷേധസൂചകമായി ചൈന പ്രഖ്യാപിച്ച സൈനികാഭ്യാസത്തിനു തുടക്കമായി.
ഇതിന്റെ ഭാഗമായി തയ്‌വാനു സമീപം വച്ച് മിസൈൽ തൊടുത്തതായി ചൈന സ്ഥിരീകരിച്ചു. അടുത്തിടെ ചൈന നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാണ് നടക്കുന്നതെന്നാണ് വിവരം. പെലോസിയുടെ സന്ദർശനത്തിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ചൈന നടത്തുന്ന സൈനികാഭ്യാസം മേഖലയിൽ സമീപകാലത്തെ ഏറ്റവും വലിയ സംഘർഷാവസ്ഥയ്ക്കും കാരണമായി.
മിസൈൽ തൊടുത്തുകൊണ്ടുള്ള സൈനികാഭ്യാസത്തിനു പുറമെ, ചൈനീസ് സൈന്യം പലകുറി തയ്‌വാൻ അതിർത്തി കടന്നുകയറിയതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച രാത്രി പലതവണ അതിർത്തി ലംഘിച്ച് അകത്തുകയറിയ ചൈനീസ് സൈന്യം, ഇന്നും ഇതേ നടപടി തുടരുകയാണെന്ന് തയ്‌വാനിൽ നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, ചൈനയുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി തയ്‌വാൻ അധികൃതർ രംഗത്തെത്തി. യുഎൻ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ചൈന നടത്തുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ‘ഏറ്റവും തിരക്കേറിയ രാജ്യാന്തര സമുദ്രപാതയിലും വ്യോമപാതയിലുമാണ് ചൈന അഭ്യാസം സംഘടിപ്പിക്കുന്നത്. ഇത് തീർത്തും നിരുത്തരവാദപരവും നിയമവിരുദ്ധവുമാണ്’ – തയ്‌വാനിലെ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
തയ്‌വാൻ അതിർത്തിയോടു ചേർന്ന് ചൈന നടത്തുന്ന സൈനികാഭ്യാസം നിരീക്ഷിക്കുകയാണെന്ന് തയ്‌വാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏതു പ്രകോപനവും നേരിടാൻ സൈന്യം സുസജ്ജമാണെന്നും തയ്‌വാനായി സംഘർഷം തുടങ്ങിവയ്ക്കില്ലെന്നും അവർ വ്യക്തമാക്കി.
നേരത്തെ, ചൈനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ചാണ് 25 വർഷത്തിനു ശേഷം അമേരിക്കൻ ഉന്നതതല സംഘം തയ്‌വാനിലെത്തിയത്. നാൻസി പെലോസിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് തയ്‌വാൻ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. പ്രസിഡന്റ് സായ് ഇങ്വെനുമായുള്ള കൂടിക്കാഴ്ചയിൽ തയ്‌വാനിലെ ജനാധിപത്യത്തിന് അമേരിക്കയുടെ പിന്തുണ അറിയിക്കാനാണ് താൻ എത്തിയതെന്ന് പെലോസി വ്യക്തമാക്കി. ലോകത്തെ ഏറ്റവും സ്വതന്ത്രമായ സമൂഹമാണ് തയ്‌വാനിലേതെന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്യവെ അവർ വിശേഷിപ്പിച്ചു. തയ്‌വാനിലെയും മറ്റു രാജ്യങ്ങളിലെയും ജനാധിപത്യം സംരക്ഷിക്കണമെന്നത് അമേരിക്കയുടെ ഉറച്ച നിലപാടാണെന്നും വ്യക്തമാക്കി.