ചൈന : ബഹിരാകാശത്തു നിന്നും നോക്കിയാല്‍ ചൈനയില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന വൈദ്യുതി വിതരണ ശൃംഖലയായേ ഇത് തോന്നിക്കൂ. എന്നാല്‍ യഥാര്‍ഥത്തില്‍ ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന്റിനയാണ്. ഈ കമ്പികളുടെ അവസാനഭാഗങ്ങള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് അതിശക്ത ട്രാന്‍സ്മിറ്ററുകളിലേക്ക് നീളുന്നതാണ്. ഭൂമിയെ തന്നെ പടുകൂറ്റന്‍ റേഡിയോ സ്റ്റേഷനാക്കി മാറ്റുന്ന ഈ ചൈനീസ് സംവിധാനങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ ചൈനയില്‍ നിന്നും ഗുവാമിലേക്ക് വരെ എത്തും.
മുങ്ങിക്കപ്പലുകളുടെ വാര്‍ത്താവിനിമയത്തിനും മറ്റു ചില സിവിലിയന്‍ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഈ പടുകൂറ്റന്‍ ആന്റിന സ്ഥാപിച്ചതെന്നാണ് ഇതില്‍ പങ്കാളികളായ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും വിശദീകരിക്കുന്നത്. അപ്പോള്‍ തന്നെ ഈ ചൈനീസ് ആന്റിനയുടെ യഥാര്‍ഥ സ്ഥാനം വെളിപ്പെടുത്താന്‍ പോലും ചൈനീസ് അധികൃതര്‍ തയാറായിട്ടില്ല. ഇത് ചൈനയിലെ ഹുബെയ്, അന്‍ഹുയ്, ഹെനാന്‍ തുടങ്ങിയ പ്രവിശ്യകളിലായി പരന്നു കിടക്കുന്ന ഡാബി മലനിരകളില്‍ എവിടെയോ ആണെന്ന് മാത്രമാണ് വിവരം.
ആന്റിനയില്‍ നിന്നും 1300 കിലോമീറ്റര്‍ അകലത്തില്‍ സമുദ്രത്തില്‍ 700 അടി താഴ്ചയില്‍ വരെ ഈ ചൈനീസ് ആന്റിനയില്‍ നിന്നുള്ള സിഗ്‌നലുകള്‍ സുഗമമായി ലഭിക്കുന്നുണ്ടെന്ന് ചൈനീസ് ജേണല്‍ ഓഫ് ഷിപ്പ് റിസര്‍ച്ചില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഇതുപ്രകാരം കൊറിയന്‍ ഉപദ്വീപ്, ജപ്പാന്‍, തയ്വാന്‍, ദക്ഷിണ ചൈന ഉള്‍ക്കടല്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് ചൈനീസ് സിഗ്‌നലുകള്‍ എത്തും. ഏതാണ്ട് 3000 കിലോമീറ്റര്‍ അകലം വരെ സമുദ്രാന്തര്‍ ഭാഗത്ത് സിഗ്‌നലുകള്‍ കൈമാറാന്‍ ഈ സംവിധാനത്തിനു കഴിയുമെന്ന് വുഹാന്‍ മാരിടൈം കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പദ്ധതിയുടെ മുഖ്യ എന്‍ജിനീയറായ ഷാ മിങ് പറയുന്നു. 0.1 മുതല്‍ 300 ഹെട്സിലുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ് ഈ ആന്റിന വഴി പുറത്തേക്കെത്തുക. വെള്ളത്തിന് അടിയിലൂടെയും ഭൂമിക്കുള്ളിലൂടെയും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ഈ എക്സ്ട്രീംലി ലോ ഫ്രീക്വന്‍സി തരംഗങ്ങള്‍ക്ക് സാധിക്കും. എത്രത്തോളം അകലത്തില്‍ ഈ തരംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റഷ്യയുമായി സഹകരിച്ച് ഒരു പരീക്ഷണം ചൈന നടത്തിയിരുന്നു. 7000 കിലോമീറ്റര്‍ അകലേക്ക് വരെ ഇത്തരം സിഗ്‌നലുകള്‍ അയക്കാന്‍ റഷ്യക്ക് സാധിച്ചിരുന്നു.
മുങ്ങിക്കപ്പലുകള്‍ക്ക് പുറമേ വെള്ളത്തിനുള്ളിലൂടെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ പോലുള്ള ഉപകരണങ്ങള്‍ക്കും ഇത്തരം സംവിധാനം വഴി നിര്‍ദേശങ്ങള്‍ നല്‍കുക ചൈനീസ് പദ്ധതിയാണെന്ന് കരുതപ്പെടുന്നു. 1960കള്‍ മുതല്‍ തന്നെ ഭൂമിയില്‍ സ്ഥാപിക്കുന്ന ലോ ഫ്രീക്വന്‍സി ആന്റിനകള്‍ പ്രചാരത്തിലുണ്ട്. വിസ്‌കോന്‍സിന്റെ അഞ്ചില്‍ രണ്ട് ഭാഗം നീളത്തിലുള്ള ഒരു ആന്റിന നിര്‍മിച്ച ലോകത്തെവിടെയുമുള്ള മുങ്ങിക്കപ്പലുകളിലേക്ക് സന്ദേശം അയക്കാനൊരു പദ്ധതി അമേരിക്കയ്ക്കുണ്ടായിരുന്നു. 76 ഹെട്സ് ഫ്രീക്വന്‍സിയിലുള്ള സിഗ്‌നലുകള്‍ ഈ ആന്റിന വഴി 80കളില്‍ തന്നെ അമേരിക്ക പുറത്തുവിട്ടിരുന്നു. എന്നാല്‍ സൈന്യത്തിന്റെ പ്രതീക്ഷക്കൊത്ത് വളരുന്നില്ലെന്ന് കണ്ട് 2005ല്‍ അമേരിക്ക ഈ പദ്ധതി അവസാനിപ്പിക്കുകയാണ് ചെയ്തത്. ഈ പദ്ധതികളുടെ പോരായ്മകള്‍ മനസ്സിലാക്കിക്കൊണ്ടാണ് പടുകൂറ്റന്‍ ആന്റിന നിര്‍മിക്കാന്‍ തങ്ങള്‍ തയാറായതെന്നാണ് ചൈനീസ് വിശദീകരണം.