യൂറോപ്പിൽ ആദ്യമായി ചോക്ലേറ്റ് പരിചയപ്പെടുത്തിയത് 1550 ജൂലൈ 7 നാണ്. വർഷം തോറും ജൂലൈ 7 ചോക്ലേറ്റ് ദിനമായി ആചരിക്കുന്നു. ഇപ്പോൾ വിപണിയിൽ വ്യത്യസ്തയിനം ചോക്ലേറ്റുകൾ ലഭ്യമാണ്. കൊക്കോചെടിയിലെ കൊക്കോയിൽ നിന്നാണ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. ഇവയിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ലേവനോളുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം തടയാൻ സഹായിക്കുന്ന ധാതുക്കൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. അറിയാം ചോക്ലേറ്റിന്റെ ഗുണങ്ങൾ
ആന്റി ഓക്സിഡന്റുകൾ
ഡാർക് ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഫ്രീറാഡിക്കലുകളുടെ നാശത്തില്‍ നിന്ന് ഇത് സംരക്ഷണമേകുന്നു. ഫ്രീറാഡിക്കലുകളുടെ നാശം നിരവധി ഗുരുതരരോഗങ്ങളിലേക്ക് നയിക്കാം. അതുകൊണ്ടുതന്നെ ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
ചോക്ലേറ്റിൽ ഫ്ലേവനോയ്‍ഡുകൾ ഉണ്ട്. ഇത് നൈട്രിക് ഓക്സൈഡിനെ ഉൽപാദിപ്പിക്കാനായി എൻഡോതീലിയത്തെ ഉത്തേജിപ്പിക്കുന്നു. ധമനികളെ റിലാക്സ്ഡ് ആക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും നൈട്രിക് ഓക്സൈഡ് സഹായിക്കുന്നു.
രക്തസമ്മർദം കുറയ്ക്കുന്നു
നൈട്രിക് ഓക്സൈഡ് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ധമനികളിൽ രക്തം നന്നായി ഒഴുകുന്നു എങ്കിൽ രക്തസമ്മർദം കുറയ്ക്കാനും സാധിക്കും. അതുകൊണ്ട് തന്നെ മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു.
നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നു
കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ ഡാർക് ചോക്ലേറ്റ് സഹായിക്കും. ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തും. ഒപ്പം ചീത്തകൊളസ്ട്രോളിന്റെ ഓക്സിഡേഷൻ തടയുകയും ചെയ്യും. ഇത് ക്രമേണ മറ്റ് കലകൾക്കു കേടുപാടുണ്ടാകുന്നതിനെ തടയും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
രക്തസമ്മർദം കുറയ്ക്കുക, നല്ല കൊളസ്ട്രോളിന്റെ മെച്ചപ്പെട്ട അളവ്, ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നത് ഇതെല്ലാം ഹൃദ്രോഗസാധ്യത തടയും. ഈ സൂചകങ്ങളെല്ലാം മെച്ചപ്പെടുമ്പോൾ ഹൃദയാരോഗ്യവും മെച്ചപ്പെടും.
തലച്ചോറിന്റെ ആരോഗ്യം
ചോക്ലേറ്റിൽ അടങ്ങിയ കൊക്കോ ഫ്ലേവനോയ്ഡുകൾ ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശ്രദ്ധ വർധിപ്പിക്കാനും ഏകാഗ്രത മെച്ചപ്പെടുത്താനും എല്ലാം ചോക്ലേറ്റ് സഹായിക്കുന്നു.