തിരുവനന്തപുരം ∙ 12 കോടിയിൽ നിന്ന് 25 കോടിയാക്കി ഓണം ബംപർ ടിക്കറ്റിന്റെ ഒന്നാം സമ്മാനത്തുക വർധിപ്പിച്ചതിനു പിന്നാലെ ക്രിസ്മസ് – പുതുവത്സര ബംപർ സമ്മാനത്തുകയും ഉയർത്തി. 12 കോടിയായിരുന്ന ക്രിസ്മസ് ബംപറിന് ഇക്കുറി 16 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കു ലഭിക്കും. ടിക്കറ്റ് വില 400 രൂപ. പൂജാ ബംപർ നറുക്കെടുപ്പ് നടക്കുന്ന 20ന് ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റ് പുറത്തിറക്കും.
പൂജാ ബംപർ ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. ആദ്യം അച്ചടിച്ച 30 ലക്ഷം ടിക്കറ്റുകൾ വിറ്റുതീർന്നതോടെ 6 ലക്ഷം ടിക്കറ്റുകൾ കൂടി കഴിഞ്ഞയാഴ്ച അച്ചടിച്ചു. കഴിഞ്ഞ വർഷം 34 ലക്ഷം പൂജാ ബംപർ ടിക്കറ്റുകളാണു വിറ്റുപോയത്. 250 രൂപയാണ് ടിക്കറ്റു വില.