ചുരുളി സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന പോലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമ കണ്ടിട്ട് വേണം അതേക്കുറിച്ച് അഭിപ്രായം പറയാൻ, വിധി വായിച്ചിട്ട് വേണം അതിനെക്കുറിച്ചും അഭിപ്രായം പറയാൻ എന്നും ഹൈക്കോടതി വിധിയിൽ പറയുന്നു. ഒരു കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അപ്പുറം സിനിമയിൽ നിയമവിരുദ്ധമായി ദൃശ്യങ്ങളോ സംഭാഷണങ്ങളോ ഇല്ലെന്നാണ് എഡിജിപി പത്മകുമാർ സമിതി സിനിമ കണ്ട് വിലയിരുത്തിയത്. ഒടിടി പ്ലാറ്റ് ഫോം പൊതുഇടമായി കണക്കാനാകാത്തതിനാൽ സിനിമക്കെതിരെ നിയമനടപടികളുടെ ആവശ്യമില്ലെന്നും സമിതി ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിനിമ പോലീസ് പരിശോധിച്ചത്.
ഒടിടി പ്ലാറ്റ്‍ഫോമായ സോണി ലിവിൽ റിലീസ് ചെയ്ത ചുരുളി സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും കഥാ സന്ദർഭവുമെല്ലാം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിൽ സഭ്യമല്ലാത്ത ഭാഷയും ദൃശ്യങ്ങളുമുണ്ടെന്നും ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിനിമ പരിശോധിക്കാൻ ഡിജിപിയോട് ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് എഡിജിപി പത്മകുമാറിന്‍റെ നേതൃത്വത്തിൽ സമിതി സിനിമ കണ്ട് വിലയിരുത്തൽ നടത്തിയത്. ചുരുളിയെന്ന സാങ്കൽപ്പിക ഗ്രാമത്തിൽ നിലനിൽപ്പിനായി പൊരുതുന്ന ഒരു കൂട്ടം ആള്‍ക്കാരുടെ കഥയാണ് സിനിമ പറയുന്നത്. ഇതിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും എങ്ങനെ വേണമെന്ന് സംവിധായകന് തീരുമാനിക്കാം. ചിത്രത്തിൽ കഥാസന്ദർഭത്തിന് അനുയോജ്യമായ ഭാഷയും ദൃശ്യങ്ങളും മാത്രമാണുള്ളത്.
ഭരണഘടന നൽകുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനപ്പുറം ഈ സിനിമയിൽ നിയമലംഘനങ്ങളൊന്നുമില്ലെന്നാണ് സിനിമ പരിശോധിച്ച സമിതി വിലയിരുത്തിയത്. അശ്ലീലമായ പ്രയോഗങ്ങളോ, ചേഷ്ടകളോ പൊതു ഇടങ്ങളിൽ മാത്രമേ നിയമവിരുദ്ധമാകൂ. ഒടിടി പ്ലാറ്റ്‍ഫോം പൊതു ഇടമല്ല. സെൻസറിംഗും നിലവിലെ നിയമപ്രകാരം ഒടിടിക്ക് ബാധകമല്ല. അതിനാൽ സിനിമക്കെതിരെ നിയമനടപടികളൊന്നുംആവശ്യമില്ലെന്നാണ് ഡിജിപിക്ക് സമിതി നൽകിയ റിപ്പോർട്ട്. സമിതി തയ്യാറാക്കിയ റിപ്പോർട്ട് ഡിജിപി ഹൈക്കോടതിയിൽ നൽകി. എഡിജിപി പത്മകുമാറിനെ കൂടാതെ എസ്പി ഡോ. ദിവ്യ ഗോപിനാഥ്, ഡിസിപി ഡോ. നസീം, പോലീസ് ആസ്ഥാനത്തെ നിയമോപദേശക കെ ആർ സുചിത്ര, വിവർത്തക ഡി. എസ്. അതുല്യ എന്നിവരും സമിതിയിലുണ്ടായിരുന്നു. ആദ്യമായാണ് ഒരു സിനിമ പ്രദർശന യോഗ്യമാണോയെന്ന് പോലീസ് കണ്ട് വിലയിരുത്തി കോടതിക്ക് റിപ്പോർട്ട് നൽകുന്നത്.