കോഴിക്കോട്: മാത്തോട്ടം സ്വദേശിയെ മർദ്ദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്തവർക്ക് സഹായം നൽകിയ മൂന്ന് പേർ അറസ്റ്റിൽ. പയ്യാനക്കൽ തിരുത്തി വളപ്പ് ചക്കുങ്ങൽ അൻഫാൽ (28), ചക്കുംകടവ് എടയുളംപറമ്പ് സുഷീർ (33 ), നടുവട്ടം യൂപ്പിനിയകം പറമ്പ് ഫിറോസ് മൻസിലിൽ ഫിറോസ് (39) എന്നിവരാണ് പിടിയിലായത്. ജില്ല പൊലീസ് മേധാവി ഡി.ഐ ജി രാജ്പാൽ മീണ ഐപിഎസ്സിന്റെ നിർദ്ദേശ പ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.ഇ. ബൈജു ഐപി എസിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് എസ്.ഐ. ശശികുമാറും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ ഉടുപ്പിയിൽ വെച്ച് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്തതിൽ ആവശ്യമായ സഹായങ്ങൾ നൽകിയവരെ കുറിച്ച് സൂചന ലഭിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും സംഭവ സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. ഇനിയും കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നും ഡപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജു പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് സംഘം ക്വട്ടേഷൻ ഏറ്റെടുത്തത്. സംഭവത്തിനു ശേഷം യുവാവിന്റെ കൈയിൽ നിന്നും കവർന്ന മൊബൈൽ ഫോൺ കടലിലെറിഞ്ഞ് നശിപ്പിപ്പിച്ചതിനും ക്വട്ടേഷൻ പ്രതിഫലത്തുകയിൽ 20,000 രൂപ സംഘത്തിന് നൽകുകയും ചെയ്തതിനാണ് അൻഫാലിനെ അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികളെ നടുവട്ടം ചേനോത്ത് സ്കൂളിന് അടുത്തുള്ള ഫിറോസ് തന്റെ വീട്ടിലാണ് അഞ്ച് ദിവസത്തോളം ഒളിവിൽ താമസിപ്പിച്ചത്. ഈ കുറ്റത്തിനാണ് ഫിറോസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പൊലീസ് അന്വേഷണം ഊർജിതമാക്കി എന്നറിഞ്ഞ പ്രതികൾ കേരളം വിടുന്നതിനായി പദ്ധതിയിടുകയായിരുന്നു. ഇവർക്ക് സംസ്ഥാനം വിടുന്നതിനായി പുതിയ മൊബൈൽ ഫോണും സിം കാർഡും വാങ്ങി നൽകുകയും കൂടാതെ മറ്റു സഹായങ്ങൾ നൽകുകയും ചെയ്തതിനാണ് സുഷീറിനെ അറസ്റ്റ് ചെയ്തത്. നാട്ടിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുന്നതിനായി ഇടനിലക്കാരനായി പ്രവൃത്തിച്ചതും സുഷീറായിരുന്നു.
ഭാര്യയുമായി സൗഹൃദത്തിലായ യുവാവിനെതിരെയാണ് വിദേശത്തുള്ള ഭർത്താവ് ക്വട്ടേഷൻ കൊടുത്തത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, സീനിയർ സിപിഒമാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സിപിഒമാരായ സുമേഷ് ആറോളി, അർജ്ജുൻ അർജ്ജുനപുരി, മാറാട് സ്റ്റേഷനിലെ എസ്.സി.പി.ഒ. മാമുക്കോയ, സൈബർ സെല്ലിലെ പി.കെ. വിമീഷ്, രാഹുൽ മാത്തോട്ടത്തിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.