ലഖ്നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തവരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ പുറപ്പെടുവിച്ച റിക്കവറി നോട്ടീസുകള്‍ പിന്‍വിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ യോഗം ചേരും. റിക്കവറി നോട്ടീസ് പിന്‍വലിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ ബാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തുടര്‍ നടപടി. സമരക്കാരില്‍ നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തിരികെ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 274 നോട്ടീസുകള്‍ ഇതിനോടകം പിന്‍വലിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സ്വത്ത് പിടിച്ചെടുക്കാനുള്ള നോട്ടീസ് അയച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
2019 ഡിസംബറില്‍ സിഎഎ വിരുദ്ധ പ്രതിഷേധം ചില സ്ഥലങ്ങളില്‍ അക്രമാസക്തമായെന്നും പ്രതിഷേധക്കാര്‍ ലഖ്നൗ ഉള്‍പ്പെടെ പല നഗരങ്ങളിലും പൊതുമുതല്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്‌തെന്നാണ് സര്‍ക്കാര്‍ വാദം. 2011ലെ മുഹമ്മദ് ഷുജാദ്ദീനും യുപി സ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ 2011ലെ വിധിയെ അടിസ്ഥാനമാക്കി കേടുപാടുകള്‍ സംഭവിച്ച വസ്തുക്കളുടെ വില ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയച്ചു. എന്നാല്‍ 2009ലും പിന്നീട് 2018ലും സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെന്ന് സുപ്രീം കോടതി വിലയിരുത്തി. നോട്ടീസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ സുപ്രീം കോടതിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ നോട്ടീസ് പിന്‍വലിച്ചതെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്ആര്‍ ദാരാപുരി പറഞ്ഞു.