തിരുവനന്തപുരം∙ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മുഖ്യ ഇടനിലക്കാരിൽ ഒരാളായ സിഐടിയു നേതാവ് അറസ്റ്റിൽ. മണക്കാട് ശ്രീവരാഹം ഇംമ്രത്ത് വീട്ടിൽ കെ.അനിൽ കുമാറിനെ (56) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറാം പ്രതിയായ ഇയാൾ എംഎൽഎ ഹോസ്റ്റലിലെ കോഫി ഷോപ്പ് ജീവനക്കാരനാണ്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. രാഷ്ട്രീയ സ്വാധീനത്തിൽ പൊലീസ് കണ്ണടയ്ക്കുകയാണെന്ന പരാതിയും ഉയർന്നിരുന്നു. കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങാനാണു തീരുമാനം.
കേസിലെ മുഖ്യ പ്രതികളായ ദിവ്യ നായർ, ശ്യാംലാൽ, പ്രധാന ഇടനിലക്കാരിൽ ഒരാളായ കുര്യാത്തി സ്വദേശി അഭിലാഷ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. ദിവ്യയുടെ ഭർത്താവ് നാലാം പ്രതിയായ രാജേഷ്, അഞ്ചാം പ്രതി പ്രേംകുമാർ എന്നിവരെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വിവാദമായ കേസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ടു വെഞ്ഞാറമൂട്, പൂജപ്പുര, മ്യൂസിയം, കന്റോൺമെന്റ് സ്‌റ്റേഷനുകളിലായാണ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ടൈറ്റാനിയം കമ്പനിയിലെ ലീഗൽ ഡിജിഎം ആയ ശശികുമാരൻ തമ്പിയും ശ്യാംലാലും ചേർന്ന് മറ്റു പ്രതികളുടെ സഹായത്തോടെ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നാണു പരാതി. ടൈറ്റാനിയത്തിൽ വർക്ക് അസിസ്റ്റന്റ്, മെക്കാനിക്കൽ എൻജിനീയർ, അസി. കെമിസ്റ്റ് തുടങ്ങിയ തസ്തികകളിൽ 75,000 മുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്.