മലപ്പുറം: പുതിയ സംസ്ഥാന ഭാരവാഹികളെച്ചൊല്ലി മുസ്ലീംലീഗിൽ തർക്കം. ജില്ലാ അധ്യക്ഷൻമാരെയും ജനറൽ സെക്രട്ടറിമാരേയും നാളെ മലപ്പുറത്തേക്ക് വിളിപ്പിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പിഎംഎ സലാമിനായി കുഞ്ഞാലിക്കുട്ടി രംഗത്തുണ്ട്. എം.കെ മുനീറിന് വേണ്ടി എതിർ പക്ഷവും അണിനിരക്കുന്നു.
മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ ശനിയാഴ്ച നടക്കാനിരിക്കെയാണ് പാർട്ടയിൽ തർക്കം രൂക്ഷമായത്. പിഎംഎ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കാനാണ് പി.കെ കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ നീക്കം. ഇതിന് തടയാൻ എം.കെ മുനീറിനെ മുൻ നിർത്തി മറുപക്ഷവും നീക്കം തുടങ്ങിയിട്ടുണ്ട്. വേണ്ടി വന്നാൽ മൽസരം നടത്തുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. എന്നാൽ ജില്ലാ സെക്രട്ടറിമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും യോഗം വിളിച്ച് ഭൂരിപക്ഷാഭിപ്രായം എടുക്കാനാണ് പാർട്ടി അധ്യക്ഷന്റെ തീരുമാനം. യോഗത്തിൽ കൂടുതൽ പേരും സലാമിനെ പിന്തുണയ്ക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷം കരുതുന്നത്. എന്നാൽ സലാമിനെെ പിന്തുണയ്ക്കില്ലെന്നാണ് ഇടിയും കെപിഎ മജീദും കെഎം ഷാജിയും അടക്കമുള്ള പ്രമുഖ നേതാക്കളുടെ നിലപാട്. ഇതിനിടെ മാർച്ച് 18ന് സംസ്ഥാന കൗൺസിലും തെരഞ്ഞെടുപ്പും നടത്തരുതെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലയിലെ ചില നേതാക്കൾ കോടതിയെ സമീപിച്ച് ഉത്തരവ് നേടിയിട്ടുണ്ട്. എറണാകുളത്തെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായില്ല എന്നതാണ് കാരണം.