തിരുവനന്തപുരം: കെ.എസ്.യു രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധതെരുവ് പരിപാടിയിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെ നേതൃത്വത്തിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മത്സര പരീക്ഷകളുടെ വിശ്വാസ്യതക്കുമേൽ കളങ്കം ചാർത്തിയ എൻ.ടി.എ ഡയറക്ടർ രാജിവയ്ക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക, കോഴിക്കോട് എൻ.ഐ.ടിയിൽ പ്രതിഷേധിച്ചതിന് 30 ലക്ഷത്തോളം രൂപ വിദ്യാർത്ഥികൾക്ക് പിഴ ചുമത്തിയ സംഘ്പരിവാർ നിലപാട് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേദം.
നരേന്ദ്ര മോദി സർക്കാർ പരീക്ഷകളുടെ പവിത്രത നഷ്ടപ്പെടുത്തിയെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എം.ജെ യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, മുഹമ്മദ് ഷമ്മാസ്, ജില്ല പ്രസിഡന്‍റുമാരായ ഗോപുനെയ്യാർ, അൻവർ സുൽഫിക്കർ സംസ്ഥാന ഭാരവാഹികളായ പി. സനൂജ്, നിതിൻ മണക്കാട്ടുമണ്ണിൽ, പ്രിയങ്ക ഫിലിപ്പ്, അൽ അമീൻ അഷ്റഫ്, സച്ചിൻ പ്രദീപ്, സിംജോ സാമുവേൽ, തൗഫീക്ക് രാജൻ, ആസിഫ് എം.എ, ജിഷ്ണു രാഘവ്, അതുല്യ ജയാനന്ദ്, ജെറിൻ ജേക്കബ് പോൾ, കൃഷ്ണകാന്ത്, നെസിയ മുണ്ടപ്പള്ളി, അമൃതപ്രിയ, സുദേവ് എന്നിവർ സംസാരിച്ചു.