തിരുവനന്തപുരം> പൗരസമൂഹത്തിലെ ഒരുവിഭാഗത്തിനെ പുറത്താക്കാൻ വഴിവയ്‌ക്കുന്ന പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൗരത്വ നിയമഭേദഗതി ഉടൻ നടപ്പാക്കുമെന്ന പ്രഖ്യാപനം നാം കേട്ടുകൊണ്ടിരിക്കുകയാണ്. അത് നടപ്പാക്കില്ലെന്ന് ദേഭഗതി വന്ന ഉടൻ പ്രഖ്യാപിച്ച സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഇപ്പോഴും അവിടെ തന്നെയാണ് നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയ്യൻകാളി ഹാളിൽ ദേശാഭിമാനി സാഹിത്യപുരസ്‌കാരം വിതരണം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അധികാരവും പൗരോഹിത്യവും ചേർന്നാൽ രാജ്യത്ത് ഉണ്ടാകാവുന്ന ദുരന്തഫലങ്ങൾ എന്തൊക്കെയാണെന്നതിന്റെ ദൃഷ്‌ടാന്തങ്ങൾ നമ്മുടെ ചരിത്രത്തിലുണ്ട്. ആ പ്രാകൃതകാലത്തേക്ക് നാടിനെ നയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെതിരെ തുറന്ന് എഴുതാൻ, സധൈര്യം പ്രതികരിക്കാൻ അപൂർവം ചില മാധ്യമങ്ങൾ മാത്രമാണ് തയ്യാറാകുന്നത്. ആ അപൂർവം മാധ്യമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനത്താണ് ദേശാഭിമാനി നിൽക്കുന്നത്. ആ രാഷ്‌ട്രീയ പൈതൃകം ശക്തിപ്പെടുത്തി മുന്നോട്ടുപോകാൻ ദേശാഭിമാനിക്ക് കഴിയണം.
മലയാളസാഹിത്യത്തിന് എല്ലാഘട്ടത്തിലും ആഭിമുഖ്യം മാനവികതയോടാണ്. ഇതിനെ ശക്തിപ്പെടുത്തിയ ചരിത്രമാണ് ദേശാഭിമാനിക്ക് ഉള്ളത്.
ആ ചരിത്രത്തിന്റെ തുടർച്ചയായാണ് ദേശാഭിമാനി അവാർഡ്. നോവൽ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹനായ ടി ഡി രാമകൃഷ്‌ണൻ, 1995ൽ സേലത്തിന് അടുത്ത് നടന്ന ഒരു ട്രെയിൻ അപകടത്തെ അധികരിച്ച് എഴുതിയ പച്ച മഞ്ഞ ചുവപ്പ് എന്ന കൃതി ഇന്ത്യൻ റെയിൽവേയുടെ ചരിത്രവും വർത്തമാനവും നമുക്ക് കാട്ടിത്തരുന്നു. മനുഷ്യാവസ്ഥകളോട് ആഭിമുഖ്യം പുലർത്തുന്ന കവിതകളാണ്, കവിതാപുരസ്‌കാരം നേടിയ വിഷ്‌ണുപ്രസാദിന്റേത്. യാഥാർഥ്യവും ഫാന്റസിയും ഇടകലരുന്നതാണ് കഥാപുരസ്‌കാരം നേടിയ വി കെ ദീപയുടെ കഥകളെന്നും മുഖ്യമന്ത്രി പറഞ്ഞു.