തിരുവനന്തപുരം∙ ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ ഗുണങ്ങൾ വിദേശയാത്ര കൊണ്ട് ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സന്ദർശനത്തിലൂടെ പ്രതീക്ഷിച്ചതിനേക്കാൾ നേട്ടമുണ്ടായി. ഫിൻലൻഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികളുടെ സഹായം അഭ്യർഥിച്ചതായി മുഖ്യമന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരത്ത് നടത്തുന്ന വാർത്താ സമ്മേളനത്തിലാണ്, വിദേശയാത്ര കൊണ്ട് പ്രതീക്ഷിച്ചതിലും നേട്ടങ്ങളുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശയാത്ര വിവാദമായതിനു ശേഷം ഇതാദ്യമായാണ് അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നത്. മന്ത്രിമാർക്കൊപ്പം നടത്തിയ വിദേശയാത്രയെക്കുറിച്ചു സംസാരിക്കാനാണ് വാർത്താ സമ്മേളനം എന്ന് സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. അതുകൊണ്ടാണ് ചീഫ് സെക്രട്ടറി കൂടി വാർത്താ സമ്മേളനത്തിന് എത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
‘‘പഠന ഗവേഷണ മേഖലകളിലെ സഹകരണം, കേരളീയർക്ക് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്തൽ, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകൾ, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, സംസ്ഥാനത്തേക്കു കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക ഇവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി കണ്ടിരുന്നത്. ഇവയിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായിട്ടുണ്ട് എന്നതാണ് വസ്തുത.
ഫിൻലൻഡ്, നോർവെ, യുകെ എന്നിവിടങ്ങളിലാണ് ഓദ്യോഗിക സംഘം സന്ദർശനം നടത്തിയത്. യുകെയുടെ ഭാഗമായ വെയ്ൽസിലും കൂടിക്കാഴ്ചകൾ നടന്നു. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും ചീഫ് സെക്രട്ടറി വി.പി.ജോയ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രഫ.വി.കെ.രാമചന്ദ്രനും സംഘത്തിലുണ്ടായിരുന്നു.
വികസനമെന്ന ലക്ഷ്യം മുൻനിർത്തിയായിരുന്ന യാത്ര. വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ നേട്ടമുണ്ടാക്കാനാകും. യുകെയിലേക്ക് തൊഴിൽ കുടിയേറ്റം സാധ്യമാക്കാൻ കരാർ ഒപ്പുവച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് കരാർ ഒപ്പുവച്ചത്. ആരോഗ്യ മേഖലയിൽ മൂവായിരത്തിലധികം പേർക്ക് ബ്രിട്ടനിൽ ജോലിക്ക് സാധ്യത തെളിഞ്ഞു. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച മുന്നേറ്റത്തിനുള്ള അംഗീകാരമാണിത്. അടുത്ത മൂന്നു വർഷം യുകെയിൽ 42,000 നഴ്സുമാരെ ആവശ്യമുണ്ട്. ആരോഗ്യ ഇതര മേഖലകളിൽ ഉള്ളവർക്കും യുകെ കുടിയേറ്റം സാധ്യമാകും’’ – മുഖ്യമന്ത്രി വിശദീകരിച്ചു.