തിരുവനന്തപുരം: കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. എത്ര വലിയ പ്രതിസന്ധിയും അതിജീവിക്കുമെന്ന് കേരളം തെളിയിച്ചതാണ്. പ്രതിസന്ധികൾ മൂലം പദ്ധതിക്ക് കുറച്ച് കാലതാമസം ഉണ്ടായെന്നും പിണറായി പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ഇത് പോലെ ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്നും പിണറായി കൂട്ടിച്ചേർത്തു.
വികസിത കേരളമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കൂടുതൽ കരുത്ത് നേടണം. വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയാണ് നാം മുന്നോട്ട് പോകുന്നത്. ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകാൻ തുറമുഖം കരുത്താകും. ഇത് അഭിമാന നിമിഷമാണ്. നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ട്. ഇത് രാജ്യത്തിന്റെയാകെ അഭിമാനകരമായ പദ്ധതിയാണ്. വിഴിഞ്ഞം തുറമുഖത്തിന് എതിരായി അന്താരാഷ്ട്ര ലോബികൾ പ്രവർത്തിച്ചു. വാണിജ്യ ലോബികളും എതിരെ നിന്നു. അതിനെ അതിജീവിക്കാനായി. വിഴിഞ്ഞം, കേരളം ഇന്ത്യക്ക് നൽകുന്ന മഹത്തായ സംഭാവനയാണ്. പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു. കേന്ദ്രസർക്കാരും പദ്ധതിക്ക് മുൻഗണ നൽകിയെന്നും പിണറായി പറഞ്ഞു. അദാനി ഗ്രൂപ്പിനേയും മുഖ്യമന്ത്രി പ്രശംസിച്ചു.