തിരുവനന്തപുരം: ലൈഫ് മിഷന് കോഴക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യംചെയ്യലിന് വിളിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഹാജരായില്ല. തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്. നിയമസഭ സമ്മേളനം ആരംഭിച്ച സാഹചര്യത്തിൽ ചോദ്യംചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രവീന്ദ്രൻ ഇ.ഡിക്ക് ഇ-മെയിൽ സന്ദേശം അയച്ചതായാണ് വിവരം. രവീന്ദ്രന് ഒരുതവണ കൂടി നോട്ടീസ് അയക്കാനാണ് ഇ.ഡിയുടെ തീരുമാനം.
കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നിലവിൽ റിമാൻഡിലാണ്. ഇദ്ദേഹത്തിന്റെ ചോദ്യം ചെയ്യലിന് തുടർച്ചയായാണ് സി.എം. രവീന്ദ്രനെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും എം. ശിവശങ്കറും തമ്മിലുള്ള വാട്ട്സ്ആപ്പ് ചാറ്റിൽ രവീന്ദ്രന്റെ പേര് പരാമർശിച്ചതായി വിവരം പുറത്തുവന്നിരുന്നു. തുടർന്ന് സ്വപ്ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ളതെന്ന് കരുതുന്ന ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്.
ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് വിലയിരുത്താവുന്ന വിധമുള്ളതാണ് ഈ ചാറ്റ്. സ്വപ്നയെ വ്യക്തിപരമായി അറിയില്ലെന്ന് പറഞ്ഞ സി.എം. രവീന്ദ്രന്റെ മുൻ വാദം പൊളിക്കുന്നതാണിത്.
മുമ്പ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ സി.എം. രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. 2020ൽ ചോദ്യം ചെയ്യലിനായി ഇ.ഡി നോട്ടീസ് നൽകിയപ്പോൾ കോവിഡും രോഗാവസ്ഥയുമടക്കം കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹാജരാകാതിരുന്ന സി.എം. രവീന്ദ്രൻ കോടതിയെ സമീപിച്ചിരുന്നു.എന്നാൽ, ഹരജി തള്ളിയതോടെ ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ടി വന്നു. സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴി അടിസ്ഥാനമാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലായിരുന്നു 2020ലെ ചോദ്യം ചെയ്യൽ.