തണുപ്പുകാലം എത്താറായി. ഹൃദയസംബന്ധമായ രോഗങ്ങൾ മിക്കവരിലും കൂടുതലായി കാണുന്നതും തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂടി ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. മിക്ക ആളുകളും തണുത്ത വെള്ളത്തിൽ ആണ് കുളിക്കുന്നത്. ഇൻഫ്ലമേഷൻ കുറയ്ക്കാനും വേദന അകറ്റാനും സ്ട്രെസ് കുറയ്ക്കാനും വേദനകളും ക്ഷീണവും കുറയ്ക്കാനും എല്ലാം തണുത്തവെള്ളത്തിലെ കുളി സഹായിക്കും.
പേശികൾക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ സംഭവിക്കുന്നത്. രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ ആകാം ഇത്. ഇത് ഓക്സിജന്റെ വിതരണം കുറയ്ക്കുന്നു. ഇത് മൂലം അപകടകരമായ ഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. പ്രായം, കുടുംബചരിത്രം, രക്തസമ്മർദം, ഉപ്പ്, കൊളസ്ട്രോൾ നില തുടങ്ങി നിരവധി ഘടകങ്ങൾ ഹൃദ്രോഗത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കാം. ബാഹ്യവും ജീവിതശൈലീപരമായ ചില ഘടകങ്ങളും ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. അങ്ങനെയൊരു ജീവിതശൈലിയുമായി ബന്ധപ്പെട്ടുള്ള ഒരു രോഗസാധ്യതയാണ് കുളിക്കുന്നതിലൂടെ പ്രത്യേകിച്ചും തണുപ്പു കാലത്ത് തണുത്ത വെള്ളത്തിലെ കുളിക്കുന്നതിലൂടെ ഉണ്ടാകുന്നത്.
തണുത്തവെള്ളം ചർമത്തിലെ രക്തക്കുഴലുകളെ ചുരുക്കുന്നു. ഇത് ശരീരത്തിലെ രക്തപ്രവാഹം സാവധാനത്തിലാക്കുന്നു. അതുകൊണ്ട് രക്തം പമ്പുചെയ്യാനായി ഹൃദയം വളരെവേഗത്തില്‍ മിടിക്കാൻ തുടങ്ങുന്നു.
തണുപ്പുകാലത്ത് പക്ഷാഘാത സാധ്യത കുറയ്ക്കാൻ
ഇന്ത്യയിലെ മരണനിരക്കിന് പ്രധാന കാരണങ്ങളിലൊന്നാണ് ബ്രെയ്ൻ സ്ട്രോക്ക്. ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന പക്ഷാഘാത കേസുകളുടെ എണ്ണം 18 ലക്ഷണമാണ്. പക്ഷാഘാത സാധ്യത കുറയ്ക്കാൻ, പ്രത്യേകിച്ച് തണുപ്പു കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
∙തണുത്ത വെള്ളത്തിലെ കുളി ഒഴിവാക്കാം. ചൂടുവെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിക്കുക.
∙ശരീരം ചൂടാക്കി നിർത്തുക. തണുപ്പു കാലത്ത് രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ള ആളാണെങ്കിൽ കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരം ചൂടുള്ളതാക്കി നിലനിർത്തുക.
∙ശാരീരിക പ്രവർത്തനം ദിവസം അരമണിക്കൂറെങ്കിലും വ്യായാമവും വർക്കൗട്ടും ചെയ്യുക. ഓട്ടം, ജോഗിങ്, എയ്റോബിക്സ്, യോഗ, നൃത്തം, ധ്യാനം തുടങ്ങിയവ ചെയ്യാം. പതിവായുള്ള വ്യായാമം ശരീരത്തെ ചൂടാക്കുകയും ഫിറ്റ്നസ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
∙ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കാം. ഫ്രഷ് ആയതും സീസണിൽ ലഭ്യമായതുമായ പഴങ്ങൾ, പച്ചക്കറികൾ ഇവ ഉപയോഗിക്കാം. വറുത്തതും പ്രോസസ് ചെയ്തതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് അടങ്ങിയ ഭക്ഷണം, കൊളസ്ട്രോളും ഷുഗറും കൂട്ടുന്ന ഭക്ഷണം ഇവയെല്ലാം ഒഴിവാക്കാം. ചൂടുള്ള ഭക്ഷണം കഴിക്കാം. ദിവസവും ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്താം.
∙കഠിനവ്യായാമങ്ങളും കഠിന ജോലികളും ഒഴിവാക്കാൻ ശ്രമിക്കുക; പ്രത്യേകിച്ചും നിങ്ങൾ ഒരു ഹൃദ്രോഗിയാണെങ്കിൽ.
∙മദ്യപാനം ഒഴിവാക്കാം. അമിതമായി മദ്യപിക്കുന്നത് ഒഴിവാക്കണം.
∙മറ്റ് ഘടകങ്ങൾ പോലെ പ്രധാനമാണ് പുകവലിയും. ഹൃദയരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ പുകവലിയും ഒഴിവാക്കണം.
∙പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, വൃക്കകളുടെ ആരോഗ്യം തുടങ്ങിയവയെല്ലാം കൃത്യമായി പരിശോധിക്കേണ്ടതാണ്.