ഹൈദരാബാദ്: വ്യാജമായി വിരലടയാളങ്ങള്‍ നിര്‍മിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തി പണം കവര്‍ന്ന സംഭവങ്ങളില്‍ ആറ് പേര്‍ അറസ്റ്റിലായി. എട്ട് പേരടങ്ങിയ ഹൈടെക് തട്ടിപ്പ് സംഘത്തില്‍ നിന്നുള്ള ആറ് പേരാണ് അറസ്റ്റിലായത്. നിരവധിപ്പേരെ ഇവര്‍ കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ആധാര്‍ അധിഷ്ഠിത ബാങ്ക് ഇടപാടുകള്‍ക്കുള്ള സാധ്യത മനസിലാക്കി ഏകദേശം 2500 ഓളം വ്യാജ ബാങ്ക് ഇടപാടുകള്‍ ഇവര്‍ നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മുംബൈ ആസ്ഥാനമായ ഫിനോ പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (എഫ്.പി.ബി.എല്‍) ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തങ്ങളുടെ ഒരു മര്‍ച്ചന്റ് ടെര്‍മിനല്‍ ഐ.ഡിയില്‍ നിന്ന് സംശയകരമായ ചില സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നു എന്ന വിവരമാണ് പൊലീസിനെ അറിയിച്ചത്. ഇതേ കാര്യം തന്നെ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയെയും ഫിനോ പേയ്മെന്റ് ബാങ്ക് അറിയിച്ചു.
ഹൈദരാബാദിലെ ബിസിനസ് കറസ്പോണ്ടന്റ് കെ.ശ്രീനു എന്നയാള്‍ക്ക് നല്‍കിയ ടെര്‍മിനല്‍ വഴിയായിരുന്നു സംശയകരമായ ഇടപാടുകള്‍ നടന്നത്. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തില്‍ കൃത്രിമം കാണിച്ച് പണം തട്ടാന്‍ ഗൂഡാലോചന നടത്തിയതായി കണ്ടെത്തി. ഭൂമി രേഖകളുടെ 2500 സോഫ്റ്റ് കോപ്പികളില്‍ നിന്ന് ആയിരത്തോളം പേരുടെ വിരലടയാളം ഈ സംഘം ശേഖരിച്ചു. നരേന്ദ്ര എന്നയാളാണ് ഭൂമി രേഖകളുടെ പകര്‍പ്പ് എത്തിച്ചുകൊടുത്തത്. സംഭവത്തില്‍ രൂപേഷ് എന്ന എന്‍ അസാധരന്‍, ഉദയ് കിരണ്‍, ഇയാസ്, ശിവ കൃഷ്ണ, ശ്രീനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.