കൊച്ചി ∙ എഐ ക്യാമറ പദ്ധതിയിൽ കരാർ പ്രകാരമുള്ള മികച്ച ക്യാമറകളുടെ സാംപിൾ വാങ്ങി പരിശോധനയ്ക്കായി നൽകിയെങ്കിലും അത് അംഗീകരിച്ചില്ലെന്നു പദ്ധതിയിൽനിന്നു പിന്മാറിയ രണ്ടാമത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ ഹൈക്കോടതിയിൽ അറിയിച്ചു. മനുഷ്യഅധ്വാനവും ചെലവും കുറയ്ക്കുമായിരുന്ന ക്യാമറയാണ് തങ്ങളുടെ കമ്പനി നിർദേശിച്ചതെങ്കിലും ഒരു പ്രത്യേക കമ്പനിയുടെ ക്യാമറ വാങ്ങാനാണ് ആവശ്യപ്പെട്ടതെന്നും കമ്പനി ചെയർമാൻ ജയിംസ് പാലമുറ്റം അറിയിച്ചു.എഐ ക്യാമറ ഇടപാടിൽ അഴിമതിയാണെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഇക്കാര്യം എതിർ സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജി ഇന്നലെ പരിഗണിച്ചെങ്കിലും 10ലേക്കു മാറ്റി.
സോഫ്റ്റ്‌വെയർ, ഗുണമേന്മ എന്നിവയെക്കുറിച്ചുള്ള നിബന്ധനകൾ പാലിക്കുന്നതായിരുന്നു നിർദേശിച്ച ക്യാമറ. മനുഷ്യ ഇടപെടൽ ഇല്ലാതെ നിയമലംഘനം കണ്ടെത്താനും നിയമലംഘകരെ വിവരം അറിയിക്കാനും സോഫ്റ്റ്‌വെയറും ഉണ്ടായിരുന്നു. ചെലവ് കുറയ്ക്കുന്നതു സംബന്ധിച്ച കണക്കുകൾ പ്രസാഡിയോ ടെക്നോളജീസിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.പദ്ധതി തനിക്കു നഷ്ടമുണ്ടാക്കുമെന്നു വ്യക്തമായതും താൻ നിർദേശിച്ച ക്യാമറകൾ സ്ഥാപിച്ചില്ലെങ്കിൽ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ പറ്റില്ലെന്ന് ആശങ്കയുണ്ടായതും പിൻമാറാൻ കാരണമായെന്നും അറിയിച്ചു. ഇതിനിടെ 68 കോടി രൂപയ്ക്ക് പദ്ധതി പൂർത്തിയാക്കാമെന്ന എന്ന നിർദേശം പ്രസാഡിയോ കമ്പനി മുന്നോട്ടുവച്ചു. 75 കോടി നിക്ഷേപിച്ചാൽ 5 വർഷത്തിനുള്ളിൽ 30 കോടി രൂപ ലാഭം ലഭിക്കുമെന്ന രീതിയിലായിരുന്നു പദ്ധതി. എന്നാൽ ഉറപ്പു നൽകിയിരുന്ന ലാഭത്തിൽ നിന്ന് 32% കുറയ്ക്കാനുള്ള നീക്കവും പദ്ധതിയെക്കുറിച്ച് പുനരാലോചനയ്ക്ക് ഇടയാക്കി.നിർദിഷ്ട മാനദണ്ഡങ്ങളിൽനിന്നു വ്യതിചലിക്കുന്നതു നിയമപ്രശ്നം ഉണ്ടാക്കുമെന്ന ആശങ്കയുണ്ടായി. ക്യാമറയുടെ ഭാഗങ്ങൾക്കായി ചെലവാക്കിയ 55 ലക്ഷവും എൽഇഡി ലൈറ്റുകൾ നൽകിയ ഇനത്തിലുള്ള 20 ലക്ഷവും ചേർന്ന് 75 ലക്ഷം രൂപ മടക്കി നൽകിയിട്ടില്ലെന്നും ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ വ്യക്തമാക്കി.