കൊച്ചി: നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരായ പോക്സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിൽ ഒരാൾ. ലഹരി മാഫിയ സംഘത്തിന്റെ ഇടപെടൽ സജീവമാണെന്നും കേസ് വഴിതിരിച്ചുവിടാനാണ് അഞ്ജലി ശ്രമിക്കുന്നതെന്നുമാണ് ആരോപണം. പീഡന കേസിനെ സാമ്പത്തിക തട്ടിപ്പ് കേസാക്കി മാറ്റാനാണ് ശ്രമമെന്നും ഇതിനായാണ് അഞ്ജലി പഴയ ഫെയ്സ്ബുക് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
സാമ്പത്തിക ഇടപാട് വ്യക്തിപരം മാത്രമാണെന്ന് പറഞ്ഞ പരാതിക്കാരി, അഞ്ജലി ഇനിയും പണം നൽകാനുണ്ടെന്നും പറഞ്ഞു. തന്റെ സ്വർണം പണയം വെച്ചടക്കം പണം വാങ്ങി. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ പണം പലരിൽ നിന്നും കൈപ്പറ്റി. ലഹരി കടത്ത് മാഫിയ കേസ് കേവലം പണം തട്ടിപ്പ് കേസായി മാറ്റാനാണ് അഞ്ജലി ശ്രമിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഞ്ജലിക്കെതിരെ പരാതി നൽകിയത്. അഞ്ജലിയുടെ ജീവനക്കാർക്കും പരാതിയുണ്ട്. അവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പണം നൽകി ആരെക്കൊണ്ടും പരാതി കൊടുപ്പിച്ചിട്ടില്ല. അഞ്ജലിയും കൂട്ടരും ഭീഷണി തുടരുകയാണ്. പല വ്യക്തികളും വിളിച്ച് ഭീഷണിപ്പെടുത്തി മാനസികമായി തളർത്തുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
റോയ് വയലാട്ടിനെതിരായ പോക്സോ കേസ് കെട്ടിച്ചമച്ചതെന്നാണ് പ്രതിയുടെ സഹായി അഞ്ജലി ആരോപിച്ചത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആരോപണത്തിന് പിന്നിൽ. തട്ടിപ്പുകൾ പുറത്തറിയുമെന്ന പേടിയാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തെത്താൻ പരാതിക്കാരെ പ്രേരിപ്പിച്ചതെന്നുമാണ് അഞ്ജലി കുറ്റപ്പെടുത്തിയത്. പ്രതികരണം ഒരു വീഡിയോയായി പുറത്തുവിടുകയായിരുന്നു അഞ്ജലി ചെയ്തത്.