മുംബൈ : ഇന്ത്യൻ സിനിമയിലെ പ്രമുഖ കൊറിയോഗ്രാഫർ ഗണേഷ് ആചാര്യയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതി. സംഭവത്തിൽ മുംബൈ പോലീസ് ആചാര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മുപ്പത്തി മൂന്നുകാരിയായ സഹ നൃത്തകിയാണ് പരാതിക്കാരി. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും യുവതി പരാതി നല്‍കിയിരുന്നു. 2020ലാണ് യുവതി ലൈംഗിക പീഡന പരാതി ആരോപിച്ച് രംഗത്തെത്തിയത്. ഈ മേഖലയിൽ വിജയിക്കണമെങ്കിൽ താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് ഗണേഷ് തന്നോട് ആവശ്യപ്പെട്ടതായി യുവതി പറയുന്നു. വിസമ്മതിച്ചതിന്റെ ഫലമായി ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷനിൽ നിന്നും തന്റെ അംഗത്വം അവസാനിപ്പിച്ചുവെന്നും ഇവർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈ ഓഷിവാര പോലീസ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ ഗണേഷ് ആചാര്യ തയ്യാറായിട്ടില്ല. നിലവിൽ ഗണേഷ് ആചാര്യയ്ക്ക് എതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354-എ ലൈംഗിക പീഡനം, 354-സി വോയറിസം, 354-ഡി പിന്തുടരൽ, 509 സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, 323 പരിക്കേൽപ്പിക്കൽ, 504 സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള അപമാനിക്കൽ, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ, 34 കുറ്റം ചെയ്യാനുള്ള പൊതു ഉദ്ദേശ്യം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതന്ന് മുംബൈ പോലീസ് പറയുന്നു.