ക്ഷേത്രങ്ങളും പള്ളികളുമടക്കമുള്ള ആരാധനാലയങ്ങളുടെ പുറത്ത് ഊരിവയ്ക്കുന്ന ചെരുപ്പുകള്‍ മോഷണം പോവുകയെന്നത് ഇന്ന് ഇന്ത്യയില്‍ സര്‍വ്വസാധാരണമായ ഒന്നാണ്. അത്തരത്തില്‍ ചെരുപ്പുകള്‍ നഷ്ടപ്പെട്ടവരാരും തന്നെ അതിന് പുറകേ പോകാറില്ല. എന്നാല്‍, കഴിഞ്ഞ ദിവസം കാണ്‍പൂര്‍ പോലീസില്‍ വിചിത്രമായൊരു കേസ് എത്തി. ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിന് മുമ്പ് ക്ഷേത്രത്തിന് പുറത്ത് ഊരി വച്ച തന്‍റെ ചെരിപ്പുകള്‍ മോഷണം പോയെന്ന പരാതിയുമായി ഒരു യുവാവ് എത്തിയതായിരുന്നു. കാൺപൂരിലെ ദബൗലി പ്രദേശത്തെ താമസക്കാരനായ കാന്തിലാൽ നിഗമാണ് തന്‍റെ ചെരുപ്പുകള്‍ മോഷണം പോയെന്ന പരാതിയുമായി എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തിലെ പ്രസിദ്ധമായ ഭൈരവ് ബാബ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. ക്ഷേത്ര ദര്‍ശനത്തിനായി അകത്ത് കയറുന്നതിന് മുമ്പ് അദ്ദേഹം തന്‍റെ ചെരുപ്പുകള്‍ ക്ഷേത്രത്തിന് പുറത്ത് ഊരി വച്ചിരുന്നു. എന്നാല്‍, തിരികെ വരുമ്പോള്‍ യഥാസ്ഥാനത്ത് ചെരുപ്പില്ല. അദ്ദേഹം നഗ്നപാദനായി അവിടെയെല്ലാം തന്‍റെ ചെരുപ്പുകള്‍ക്കായി തിരഞ്ഞെന്നും ഒടുവില്‍ നഗ്നപാദനായി തന്നെ വീട്ടിലേക്ക് നടക്കേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു.
“ഞാൻ രണ്ട് ദിവസം മുമ്പ് പുതിയ ചെരിപ്പുകൾ വാങ്ങിയിരുന്നു. ഭൈരവ് ബാബയുടെ ദർശനത്തിന് ശുഭദിനമായി ഞായറാഴ്ച കണക്കാക്കപ്പെടുന്നതിനാൽ എല്ലാ ഞായറാഴ്ചയും ഞാൻ ഭൈരവ് ബാബയെ തൊഴാനായി പോകുന്നു. ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പുതിയ ചെരിപ്പ് മോഷണം പോയത് അറിഞ്ഞത്.’ കാന്തിലാൽ നിഗം നൽകിയ പരാതിയിൽ പറയുന്നു. എന്നാല്‍, കള്ളൻ രക്ഷപ്പെടരുതെന്ന് വിശ്വസിക്കുന്നതിനാലാണ് താന്‍ ഇ-എഫ്ഐആർ ഫയൽ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 379 പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കാന്തിലാല്‍ ചെരിപ്പുകൾ വാങ്ങിയതിന്‍റെ ബില്ല് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മോഷ്ടാവിനെ ഉടന്‍ തന്നെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. 2017 -ൽ പൂനെയിൽ നിന്നുള്ള ഒരാൾ തന്‍റെ ചെരിപ്പുകള്‍ കാണാതായതിന് സമാനമായ ഒരു പരാതി നൽകിയിരുന്നു. മോഷ്‌ടാക്കൾ തന്‍റെ വീട്ടിൽ കവർച്ച നടത്താനെത്തിയെങ്കിലും അത് പരാജയപ്പെട്ടപ്പോൾ ചെരിപ്പുകൾ മോഷ്‌ടിക്കുകയായിരുന്നു എന്നായിരുന്നു അന്നത്തെ പരാതി.