കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്ന് ഹൈകോടതി. രഹസ്യമായി വിവരങ്ങൾ അറിയിക്കാൻ സഹായകരമായ വിധം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പെട്ടി സ്ഥാപിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കണമെന്ന 2016ലെ വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം നടപ്പാക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം സ്വദേശി ഫൈസൽ കുളപ്പാടം നൽകിയ പൊതുതാൽപര്യ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
ലൈംഗിക അതിക്രമം അടക്കം പരാതികൾ നൽകാൻ സൗകര്യമൊരുക്കുന്നതിന്‍റെ ഭാഗമായാണ് പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ സർക്കാർ നിർദേശിച്ചിരുന്നത്. ഇത്തരം പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകാൻ സ്കൂൾ മേധാവികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊന്നും നടപ്പാക്കിയില്ലെന്നായിരുന്നു ഹരജിയിലെ ആരോപണം.
ഉത്തരവ് നടപ്പാക്കുന്നതിൽ കൂടുതൽ കാര്യക്ഷമമായ നടപടി വേണമെന്ന് കോടതി നിർദേശിച്ചു. പരാതിപ്പെട്ടി സ്ഥാപിക്കുന്നതിനും അതിന്റെ പരിശോധനക്കുമായി ആവശ്യമായ നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കണം. ലഭിക്കുന്ന പരാതികളുടെ സ്വഭാവവും അതിൽ സ്വീകരിച്ച നടപടിയും സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ, വി.എച്ച്.എസ്.ഇ അസി. ഡയറക്ടർ, ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ എന്നിവർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.