ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ‘മോദി ഷോ’യെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ചടങ്ങുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ് പുറത്തുവന്നത്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.
‘ജസ്റ്റ് ആസ്‌കിങ്’ എന്ന ഹാഷ് ടാഗോടെ ചെയ്ത ട്വീറ്റ് ഇംഗ്ലീഷിലും കന്നഡയിലും അദ്ദേഹം പങ്കുവെച്ചു. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ”ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണിത്. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ വികസന യാത്രയിലെ അനശ്വരമുഹൂർത്തമാണിത്. കേവലമൊരു കെട്ടിടം മാത്രമല്ല ഇത്, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണിത്. ഭാരതം വളരുമ്പോൾ ലോകം വളരുന്നു.”-മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജ ചടങ്ങിൽ മോദിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർലയും സന്നിഹിതനായിരുന്നു.
പാർലമെന്റ് മന്ദിരത്തിൽനടന്ന ഉദ്ഘാടന ചടങ്ങുകളെ വിമർശിച്ച് സുപ്രീം കോടതി അഭിഭാഷകനായ പ്രാശാന്ത് ഭൂഷനും രംഗെത്തത്തി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അതിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മത നേതാക്കളെ പങ്കെടുപ്പിച്ച് ആര്‍ഭാടത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ ഭരണഘടനയെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മോദിക്ക് കഴിഞ്ഞ ദിവസം സ്വര്‍ണചെങ്കോല്‍ കൈമാറിയ തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള ഹിന്ദു സന്ന്യാസി സംഘത്തിനൊപ്പം മോദിയും ധനമന്ത്രി നിര്‍മല സീതാരാമും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദേശീയ ഗാനാലാപനത്തോടെയാണ് പാർലമെന്റ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. പുതിയ പാർലമെന്റിനെകുറിച്ചുള്ള ഹ്രസ്വചിത്രവും ചടങ്ങിനിടെ പ്രദർശിപ്പിച്ചു. ഹർഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രധാനമന്ത്രിയെ ബി.ജെ.പി എം.പിമാർ പാർലമെന്റിലേക്ക് വരവേറ്റത്.
വി.ഡി. സവർക്കറുടെ ജൻമദിനത്തോടനുബന്ധിച്ച് പുതിയ പാർലമെന്റിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പ്രണാമം അർപ്പിച്ച ശേഷം മോദി ലോക്സഭയിലേക്ക് പ്രവേശിച്ചു. 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗദ്പ് ധൻഖറിന്റെയും സന്ദേശം രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചു കേൾപ്പിച്ചു.