ജയ്പുർ∙ രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ 33 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെലോട്ട് സർദാർപുരയിൽ നിന്നും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ടോങ്കിൽ നിന്നും ജനവിധി തേടും. സ്പീക്കർ സി.പി. ജോഷി നാഥ്ദ്വാര നിയമസഭാ മണ്ഡലത്തിലാണു മൽസരിക്കുന്നത്.പാർട്ടി യൂണിറ്റ് പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര ലച്ച്മൻഘരിൽ നിന്ന് ജനവിധി തേടും. നവംബർ 25നാണ് രാജസ്ഥാനിൽ 200 അംഗ നിയമസഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ച് രാജസ്ഥാൻ വളരെ നിർണായകമാണ്. അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പാർട്ടിയിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. നേതൃത്വത്തിന്റെ നിരന്തരമായ ഇടപെടലിലൂടെ ഇരുനേതാക്കളും അനുരഞ്ജനത്തിലേക്കു നീങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് സച്ചിൻ പൈലറ്റ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ജനവിധി കോൺഗ്രസിന് അനുകൂലമായാൽ പാർട്ടി നേതൃത്വവും നിയമസഭാ അംഗങ്ങളും അടുത്ത മുഖ്യമന്ത്രിയെ തിരുമാനിക്കുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞിരുന്നു.