ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തു. മുന്നണിയുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സീറ്റു പങ്കുവെക്കൽ ചർച്ചകൾ സജീവമായിരിക്കെയാണ് മുന്നണി അധ്യക്ഷനെ തെരഞ്ഞെടുത്തത്.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണിയുടെ അധ്യക്ഷനാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസിനെ തന്നെ ചുമതലയേൽപ്പിക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.ഇൻഡ്യ സഖ്യത്തിൽ അസ്വാരസ്യങ്ങൾ വർധിക്കുന്നതിനിടെയാണ് ഇന്ന് നിർണായക യോഗം നടന്നത്.
പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടണമെന്ന് മമത ബാനർജിയും അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യത്തോട് നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ മുന്നണി പൂർത്തിയാക്കിയിട്ടുണ്ട്. അതിൽ തുടർ ചർച്ചകളും ഇന്ന് നടന്നുവെന്നാണ് വിവരം. ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടി കൂടുതൽ വിട്ടുവീഴ്ചകൾക്ക് ഒരുങ്ങിയെന്നാണ് വാർത്തകൾ.