ലഖ്നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമാനത്തിന് വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചെന്ന് കോൺഗ്രസ് ആരോപണം. യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ വിമാനം കഴിഞ്ഞ ദിവസം രാത്രി 10:45ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചെന്ന് അദ്ദേഹം ആരോപിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതർ അനുമതി നിഷേധിച്ചത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് രാഹുൽ ഗാന്ധിയെ ഭയമാണെന്നും അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും അജയ് റായ് ആരോപിച്ചു. ചൊവ്വാഴ്ച വാരാണസിയിലും പ്രയാഗ്‌രാജിലും രാഹുൽ ഗാന്ധി പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, വിമാനത്തിന് അനുമതി നിഷേധിച്ചതോടെ പങ്കെടുക്കാനാകില്ല, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു.
ഭാരത് ജോഡോ യാത്രക്ക് ശേഷം പാർലമെന്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചിരുന്നു. അദാനിയും മോദിയും ബന്ധമുണ്ടെന്നും അദാനിക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. സഭക്കകത്തും പുറത്തും രാഹുൽ ഗാന്ധി ആരോപണം തുടർന്നു.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് വിമാനത്താവള അധികൃതർ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ പരിപാടി അവസാന സമയം റദ്ദാക്കിയെന്നും അദ്ദേഹം കണ്ണൂരിൽ നിന്ന് ദില്ലിയിലേക്ക് പോകാൻ തീരുമാനിച്ചെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശങ്കയുണ്ടെന്നും രാഹുലിനെ ബുദ്ധിമുട്ടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അജയ് റായ് പറഞ്ഞു.